
മാവേലിക്കര:കേരള സർക്കാർ കൃഷിവകുപ്പിന്റെ നൂതന സംരംഭമായ സഞ്ചരിക്കുന്ന കാർഷികോത്പന്ന സംഭരണ വിപണന കേന്ദ്രത്തിന് സംസ്ഥാനത്ത് തുടക്കമായി. ഈ പദ്ധതിക്ക് അർഹത നേടിയ ഭരണിക്കാവ് സർവീസ് സഹകരണ ബാങ്കിന് ആദ്യഘട്ടത്തിൽ തന്നെ വാഹനം ലഭിച്ചു. ആദ്യഘട്ടമായി ഇത്തരത്തിലുള്ള 12 വാഹനങ്ങൾ തിരുവനന്തപുരത്ത് ഇന്നലെ ഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലാഗ് ഓഫിനു ശേഷം ബാങ്ക് സെക്രട്ടറി കെ.എസ്.ജയപ്രകാശ് മന്ത്രി പി.പ്രസാദിന്റെ ഓഫീസിൽ വച്ച് മന്ത്രിയിൽ നിന്ന് താക്കോൽ ഏറ്റുവാങ്ങി. ശീതീകരണ സംവിധാനത്തോടുകൂടിയുള്ള കണ്ടെയ്നർ ഉൾപ്പെടുന്നതാണ് വാഹനം. വാഹനത്തിന്റെ മുഴുവൻ വിലയുടെയും 50 ശതമാനം സബ്സിഡി ആയിട്ടാണ് ബാങ്കിന് അനുവദിച്ചിട്ടുള്ളത്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഏതാനും ദിവസത്തിനകം സഞ്ചരിക്കുന്ന സംഭരണ വിപണന കേന്ദ്രം പ്രവർത്തനസജ്ജമാകും. കൃഷിവകുപ്പ് ആത്മയുടെ 50 ശതമാനം സബ്സിഡിയോടുകൂടിയുള്ള രണ്ട് പദ്ധതികൾ കൂടി ഉടൻ തന്നെ ഭരണിക്കാവ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനമാരംഭിക്കും. കാർഷിക മേഖലയ്ക്ക് ഉണർവ് പകരാനും കർഷകരെ സഹായിക്കാനും വേണ്ടിയാണ് പദ്ധതികൾ ഏറ്റെടുക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് കോശി അലക്സ് അറിയിച്ചു.