
മാവേലിക്കര- കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വളപ്പിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ എം.എൽ.എ നേരിട്ടെത്തി. സ്റ്റേഷൻ വളപ്പിൽ വെള്ളം കെട്ടിക്കിടന്നു അപകടക്കെണിയാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എം.എസ് അരുൺകുമാർ എം.എൽ.എ നേരിട്ടെത്തി സ്ഥല പരിശോധന നടത്തിയത്. പ്രശ്നത്തിന്റെ രൂക്ഷത മനസ്സിലാക്കിയ എം.എൽ.എ ഉടൻ തന്നെ ജെ.സി.ബി വരുത്തിച്ചു വെള്ളം സമീപത്തെ ഓടയിലേക്ക് ഒഴുക്കി വിടുന്നതിനു നടപടി സ്വീകരിച്ച ശേഷമാണു മടങ്ങിയത്. സ്റ്റേഷൻ വളപ്പിലെ കുഴികൾ നികത്തി കോൺക്രീറ്റ് ചെയ്യുന്നതിനു ഉടൻ നടപടി സ്വീകരിക്കുമെന്നു എം.എൽ.എ പറഞ്ഞു. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരെ സ്ഥലത്തു വിളിപ്പിച്ചു പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനും നിർദേശം നൽകി. കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്പെക്ടർ ശ്രീദത്ത്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.തുളസിദാസ്, ബ്ലോക്ക് പഞ്ചായത്ത് അസി.എക്സി.എഞ്ചിനീയർ എൻ.എസ് രാജവല്ലി, അസി.എൻജിനീയർ സീന, ഓവർസിയർ സുമ, ശ്രീകുമാർ, സുരേഷ്, ഹരിദാസ് എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.