
പൂച്ചാക്കൽ: ഫെഡറൽ ബാങ്ക് പൂച്ചാക്കൽ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ യുവാവിനെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മ പഞ്ചായത്ത് 9-ാം വാർഡ് പട്ടാറച്ചിറ വീട്ടിൽ സോനുവാണ് അറസ്റ്റിലായത്.
2021ഫെബ്രുവരിയിൽ നടന്ന തട്ടിപ്പിൽ ബാങ്ക് മാനേജരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞു വന്ന പ്രതിയെ ചേർത്തല ഡിവൈ.എസ്.പി ടി.ബി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പൂച്ചാക്കൽ സി.ഐ അജയ്മോഹൻ, എസ്.ഐ ജേക്കബ് കെ.ജെ., സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീഷ്, അരുൺ, ഗിരീഷ്, നിധിൻ, ബൈജു. അനീഷ്, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പാലാരിവട്ടം, ചേർത്തല, പൂച്ചാക്കൽ എന്നീ സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയാണ് സോനുവെന്ന് പൂച്ചാക്കൽ പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.