
അമ്പലപ്പുഴ: പുന്നപ്ര വടക്കു പഞ്ചായത്ത് സ്വദേശിയും മലപ്പുറം കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറുമായ കെ.വി.വിപിൻദാസിനെ (51) ഓഫീസിന് സമീപം ബിലായിപ്പടിയിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
രാവിലെ ഓഫീസിൽ എത്താത്തതിനെ തുടർന്ന് മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ എടുത്തില്ല. തുടർന്ന് അന്വേഷിച്ചെത്തിയ ജീവനക്കാരാണ് വിപിൻദാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡ് പറവൂർ ജംഗ്ഷന് പടിഞ്ഞാറ് കൊച്ചുചിറ വീട്ടിൽ പരേതനായ വാസുവിന്റേയും പത്മാവതിയുടെയും മകനാണ്. ആലപ്പുഴ കളക്ടറേറ്റിൽ സീനിയർ ക്ലാർക്കായിരുന്ന വിപിൻദാസ് നാല് മാസം മുമ്പാണ് ഉദ്യോഗക്കയറ്റം ലഭിച്ച് കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറായത്. എൻ.ജി.ഒ യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം, അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മലപ്പുറം പൊലീസ് തുടർനടപടി സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. ഭാര്യ: സൗമ്യ (ക്ലാർക്ക് താലൂക്ക് ഓഫീസ് അമ്പലപ്പുഴ). മക്കൾ: വിവേക്, കെവിൻ