ചേർത്തല:അർത്തുങ്കൽ ഹാർബർ നിർമ്മാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ചെറുകിട മത്സ്യ വ്യാപാരി വ്യവസായി തൊഴിലാളി യൂണിയൻ സമരത്തിനൊരുങ്ങുന്നു. മൺസൂൺ കാലത്തടക്കം താലൂക്കിലോ ജില്ലയിലോ മത്സ്യബന്ധന വള്ളങ്ങളിറക്കാനോ അടുപ്പിക്കാനോ സൗകര്യമില്ലാത്തതിനാൽ തൊഴിലാളികൾക്കും ചെറുകിട മത്സ്യവ്യാപരികൾക്കും വലിയ നഷ്ടങ്ങളാണുണ്ടാകുന്നത്. 12വർഷം പിന്നിട്ടിട്ടും അർത്തുങ്കൽ ഹാർബർ നിർമ്മാണം പൂർത്തിയാക്കാത്തത് വ്യാപാരികളോടും തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് പ്രത്താസ് അറക്കൽ,സെക്രട്ടറി ക്ലീറ്റസ് വെളിയിൽ,സമരസമിതി കൺവീനർ ജിമ്മി കളപ്പുര,ബാബു പാണ്ഡ്യാല,സെബാസ്റ്റ്യൻ കിഴക്കേവീട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമരത്തിന്റെ ആദ്യഘട്ടത്തിൽ വ്യാപാരികളും കുടുംബാംഗങ്ങളും തൊഴിലാളികളും ഹാർബർ എൻജിനീയറിംഗ് ഓഫീസ് പടിക്കൽ സമരം നടത്തും. ഹാർബർ പ്രവർത്തനങ്ങൾ പൂർത്തായാക്കാത്ത പക്ഷം സമരം ശക്തമാക്കുമെന്നും വ്യാപാരികൾ അറിയിച്ചു.