മാവേലിക്കര: ഒറ്റയ്ക്കു താമസിച്ചിരുന്ന 62കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര ഇലക്ട്രിസിറ്റി ഓഫീസിന് എതിർവശം ചാരുംമൂട്ടിൽ സതിയിൽ ഡോ.ജി.ബാലരാമനെയാണ് കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ബാലരാമന്റെ സഹോദരൻ രമേശ് ലണ്ടനിൽ നിന്നു വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിനെ തുടർന്ന് അന്വേഷിക്കാനായി അയൽവാസിയോട് പറഞ്ഞു. അയൽവാസിയെത്തി നോക്കിയപ്പോൾ വീടിന്റെ വാതിലും ജന്നലുകളും അടഞ്ഞു കിടന്നതിനാൽ പൊലീസിനെ വിവരമറിയിച്ചു. പൊലീസും അഗ്നിരക്ഷാസേനയും വീടിന്റെ പിൻവശത്തെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണു കുളിമുറിയിൽ മരിച്ച നിലയിൽ ബാലരാമനെ കണ്ടത്. ഹൃദയാഘാതമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം.