
മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ നിക്ഷേപം തിരികെ കിട്ടുന്നതിന് കാത്തു നിൽക്കാതെ ഒരാൾ കൂടി യാത്രയായി. തഴക്കര വഴുവാടി ആര്യഭവനത്തിൽ ത്യാഗരാജപ്പണിക്കർ (74) ആണ് മരിച്ചത്. പാർക്കിൻസൺസ് രോഗം ബാധിച്ച് കിടപ്പിലായ ത്യാഗരാജന് മാസം 70000 രൂപയോളം ചികിത്സയ്ക്ക് ചിലവായിരുന്നു.
ത്യാഗരാജ പ്പണിക്കരുടെയും ഭാര്യ വിജയകുമാരിയുടേയും പേരിൽ എട്ടര ലക്ഷം രൂപയോളം മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ നിക്ഷേപമായുണ്ടായിരുന്നു. ചികിത്സാ ചിലവുകൾക്കായി ഈ പണം ലഭിക്കാൻ ഇവർ നിരന്തരം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല.
ഇതോടെ താലൂക്ക് സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടും മുമ്പേ മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം എട്ടായി. രോഗശയ്യയിലായ നിരവധി പേർ ഇപ്പോൾ ചികിത്സാ ചിലവിനായി നിക്ഷേപത്തുക തിരികെ കിട്ടാൻ കേണുകൊണ്ടിരിക്കുകയാണ്. നിക്ഷേപകരിൽ 60 ശതമാനത്തിന് മുകളിൽ 65 വയസ് പിന്നിട്ടവരാണ് . 2016 ഡിംബറിലാണ് മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കരശാഖയിൽ തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്ത് വരുന്നത്. വ്യാജ വായ്പകൾ നല്‍കിയും. ഉരുപ്പടികളില്ലാതെ സ്വർണ വായ്പ നല്‍കിയുമൊക്കെയായിരുന്നു തട്ടിപ്പ്.