exc

ആലപ്പുഴ : എല്ലാ മഴക്കാലത്തും മുങ്ങുന്ന പതിവ് ഇത്തവണയും മങ്കൊമ്പിലെ എക്സൈസ് കുട്ടനാട് റേഞ്ച് ഓഫീസിൽ തെറ്റിയില്ല. വെള്ളപ്പൊക്കം കടുക്കും മുമ്പേ ഓഫീസിന്റെ ഉൾവശം മുഴുവൻ വെള്ളം നിറഞ്ഞു. കാല് നനയാതിരിക്കാൻ ഉയരത്തിലുള്ള സ്റ്റൂളിട്ടാണ് ഉദ്യോഗസ്ഥരുടെ ഇരിപ്പ്. ടോയ്ലെറ്റ് ഉപയോഗിക്കാൻ കഴിയാത്തതിനാൽ വനിതകൾ അടക്കമുള്ള ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുന്നു. ഇന്നും ഇന്നലെയും തുടങ്ങിയതല്ല എക്സൈസ് ഉദ്യോഗസ്ഥരുടെ ഈ ദുരിതം. ഓഫീസ് പുനർ നിർമ്മിച്ചെങ്കിൽ മാത്രമേ ദുരിതത്തിന് പരിഹാരമാകുകയുള്ളുവെങ്കിലും അതിനുള്ള നടപടികൾ ഇഴയുകയാണ്.

ഇത്തവണ മഴ കടുത്തപ്പോൾ തന്നെ ഓഫീസിന്റെ പ്രവർത്തനം ഭാഗികമായി ടൈറ്റാനിക് പാലത്തിന് സമീപമുള്ള എക്സൈസ് സർക്കിൾ ഓഫീസിലേക്ക് മാറ്റിയിരുന്നു. റെയ്ഡ് അടക്കമുള്ള അത്യാവശ്യ ഡ്യൂട്ടിക്ക് പോകാനുള്ള ജീവനക്കാർ മാത്രമാണ് നിലവിൽ മങ്കൊമ്പ് ഒന്നാംകരയിലുള്ള റേഞ്ച് ഓഫീസിൽ പ്രവർത്തിക്കുന്നത്. ഓഫീസിന് തൊട്ടുപിന്നിലെ കനാലിലെ മലിനജലം കൂടി ഒഴുകിയെത്തുന്നതിനാൽ എലിപ്പനിയടക്കമുള്ള ഭീഷണിക്ക് നടുവിലാണ് ജീവനക്കാർ. എക്സൈസിന്റെ ഓണക്കാല സ്പെഷ്യൽ ഡ്രൈവ് ഇന്നാരംഭിക്കാനിരിക്കേയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ ദുരിതത്തിൽ കഴിയുന്നത്.

കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചിട്ട് വർഷങ്ങൾ

എല്ലാ മഴക്കാലത്തും മുങ്ങുന്ന കുട്ടനാട് എക്സൈസ് റേഞ്ച് ഓഫീസ് പുതുക്കി പണിയുന്നതിനുള്ള ഭരണാനുമതി ലഭിച്ചിട്ട് വർഷങ്ങളായി. പൊതുമരാമത്ത് വകുപ്പിന്റെ സാങ്കേതിക അനുമതിയാണ് ഇനി ലഭിക്കേണ്ടത്. നിലവിൽ വകയിരുത്തിയ തുക പര്യാപ്തമല്ലെന്ന പി.ഡബ്യു.ഡിയുടെ വാദമാണ് കെട്ടിട പുനർനിർമ്മാണം ഇഴയാൻ കാരണം.

തൊണ്ടിമുതലും വെള്ളത്തിൽ

വിവിധ കേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങൾ ഉൾപ്പടെയുള്ള തൊണ്ടി മുതലുകൾ പലതും വെള്ളത്തിലാണ്. വെള്ളക്കെട്ട് പുത്തരിയല്ലാത്തതിനാൽ ഓഫീസ് ഫയലുകളടക്കം പ്രധാന രേഖകൾ സൂക്ഷിക്കാൻ സ്ഥിരം ക്രമീകരണമുണ്ട്. ഓഫീസിലെ വാഹനങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളും ഉൾപ്പടെയാണ് ഓഫീസ് പ്രവർത്തനം താൽക്കാലികമായി സർക്കിൾ ഓഫീസിലേക്ക് മാറ്റിയത്.

22 : കുട്ടനാട് റേഞ്ച് ഓഫീസിൽ വനിതകൾ ഉൾപ്പടെ ആകെ 22 ജീവനക്കാർ

ഓഫീസ് പുനർനിർമ്മിക്കാനുള്ള നടപടികൾ പൂർത്തിയാകുന്ന കാലം വരെ ഈ ദുരിതം ഒഴിയില്ല. വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ശൗചാലയം പോലും ഉപയോഗിക്കാൻ സാധിക്കുന്നില്ല. അത്യാവശ്യ ഡ്യൂട്ടിക്കുള്ള ജീവനക്കാരെ മാത്രം നിലനിർത്തിക്കൊണ്ട് മറ്റ് പ്രവർത്തനങ്ങൾ താത്കാലികമായി സർക്കിൾ ഓഫീസിലേക്ക് മാറ്റി

- ഗിരീഷ്, കുട്ടനാട് റേഞ്ച് ഇൻസ്പെക്ടർ