s
എ സിറോഡിൽ പള്ളിക്കൂട്ടുമ്മ ഭാഗത്ത് വെള്ളം നിറഞ്ഞ നിലയിൽ

ആലപ്പുഴ : തോരാതെ പെയ്യുന്ന മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജലനിരപ്പ് ഉയർന്നതോടെ ജനങ്ങൾ കടുത്ത ആശങ്കയിൽ. പമ്പ, അച്ചൻകോവിൽ, മണിമല ആറുകൾ കരകവിഞ്ഞൊഴുകുന്നത് ഭീതി ഇരട്ടിപ്പിക്കുന്നു. പമ്പ, കക്കി,ആനത്തോട് ഡാമുകളിൽ നിന്ന് അധികജലം തുറന്നു വിട്ടാൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങും.

ഇത് മുന്നിൽക്കണ്ട് എല്ലാ താലൂക്കുകളിലും രക്ഷാപ്രവർത്തനത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ചു. പ്രളയ ജലം കടലിലേക്ക് ഒഴുക്കി വിടുന്നതിനായി തോട്ടപ്പള്ളി സ്പിൽവേയിലെ 40ഷട്ടറുകളിൽ 39 എണ്ണവും ഉയർത്തിയെങ്കിലും ലീഡിംഗ് ചാനലിലെ ആഴക്കുറവ് നീരൊഴുക്കിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. സെക്കൻഡിൽ 1800 ഘനമീറ്റർ വെള്ളം ഒഴികേണ്ടിടത്ത് 600ഘനമീറ്ററിൽ താഴെ വെള്ളമാണ് ഇപ്പോൾ കടലിലേക്ക് ഒഴുകുന്നത്. 2019ൽ ആരംഭിച്ച ലീഡിംഗ് ചാനലിലെ ആഴം വർദ്ധിപ്പിക്കൽ പദ്ധതി എങ്ങുമെത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. പുനരുദ്ധാരണം നടക്കുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പലഭാഗങ്ങളും പ്രളയജലത്തിൽ മുങ്ങിയത് ഗതാഗത തടസമുണ്ടാക്കി. ജലനിരപ്പുയർന്നതോടെ റോഡിന്റെ പുനർ നിർമ്മാണ ജോലികൾ താത്കാലികമായി നിർത്തി. പനയ്ക്കൽ കലുങ്ക് ഭാഗത്ത് റോഡ് കരവകിഞ്ഞു ഒഴുകിയത് ഇരുചക്ര വാഹനയാത്രക്കാരെ ദുരിതത്തിലാക്കി. അമ്പലപ്പുഴ-തിരുവല്ല റോഡിലും വെള്ളകയറി വാഹന ഗതാഗതം തടസപ്പെട്ടു. അമ്പലപ്പുഴ മേഖലയിൽ കടലാക്രമണവും രൂക്ഷമാണ്.

രണ്ട് വീടുകൾ തകർന്നു, 17 ക്യാമ്പുകൾ

ശക്തമായ മഴയിൽ ജില്ലയിൽ ഇന്നലെ രണ്ടു വീടുകൾ ഭാഗികമായി തകർന്നു. 17 ദുരിതാശ്വാസ ക്യാമ്പുകളിലായി 102 കുടുംബങ്ങളിലെ 338 പേരെ മാറ്റി പാർപ്പിച്ചു. ക്യാമ്പുകൾ താലൂക്ക് അടിസ്ഥാനത്തിൽ : ചെങ്ങന്നൂർ -11, കുട്ടനാട് -4, മാവേലിക്കര -2, കാർത്തികപ്പള്ളി- 1.

ജാഗ്രത പാലിക്കണം

പമ്പ, അച്ചൻ കോവിൽ, മണിമല ആറുകളിലും കൈവഴികളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഈ നദികളുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ വി.അർ.കൃഷ്ണതേജ അറിയിച്ചു.

വിദ്യാലയങ്ങൾക്ക് അവധി

ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചു.