am-bala
നീർക്കുന്നം കടൽ തീരത്ത് ഭീഷണിനേരിടുന്ന വീടുകൾ സംരക്ഷിക്കാൻ ടെട്രാപോഡുകൾ നിരത്തുന്നത് വീക്ഷിക്കുന്ന എച്ച്. സലാം എം.എൽ.എ

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നീർക്കുന്നം കടൽ തീരത്ത് തകർച്ച ഭീഷണിയിലായ വീടുകൾ സംരക്ഷിക്കാൻ താത്കാലിക മാർഗമെന്ന നിലയിൽ, എച്ച്. സലാം എം.എൽ.എയുടെ മേൽനോട്ടത്തിൽ ടെട്രാപോഡുകൾ നിരത്തി.

ഏതാനും ദിവസങ്ങളായി ഈ ഭാഗത്ത് കടലേറ്റം രൂക്ഷമായിരുന്നു. പുതുവൽ മഹേഷ്, പുതുവൽ രാധ, പുതുവൽ സുജാത എന്നിവരുടേതുൾപ്പെടെ നിരവധി വീടുകൾ ഏതു നിമിഷവും തകരാമെന്ന അവസ്ഥയിലാണ്. ഇതോടെയാണ് തീരവും വീടുകളും സംരക്ഷിക്കാൻ ഇറിഗേഷൻ അധികൃതർക്ക് എം.എൽ.എ നിർദ്ദേശം നൽകിയത്. പുലിമുട്ട് നിർമ്മാണത്തിനുപയോഗിക്കുന്ന ടെട്രാപോഡുകളാണ് നിരത്തിത്തുടങ്ങിയത്. ഈ ഭാഗത്ത് പുലിമുട്ടിന്റെ നിർമ്മാണത്തിന് 43 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. നിർമ്മാണ പ്രവൃത്തികൾ രണ്ടാഴ്ചയ്ക്കു ശേഷമേ ആരംഭിക്കൂ. ഈ കാലയളവിൽ വീടുകൾ സംരക്ഷിക്കാനാണ് ജെ.സി.ബിയുടെ സഹായത്തോടെ അടിയന്തിരമായി ടെട്രാപോഡുകൾ നിരത്തിത്തുടങ്ങിയത്ത്.

ടെട്രാപോഡുകൾക്കിടയിൽ മണൽനിറച്ച ചാക്കുകൾ നിരത്തി കൂടുതൽ ബലപ്പെടുത്തും. ഇതിനായി തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽ വേർതിരിച്ചെടുത്ത മണൽ എത്തിക്കാൻ ഐ. ആർ. ഇ ക്ക് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ എത്തിച്ചു തുടങ്ങി. മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി സി. ഷാംജി, സി.പി.എം നീർക്കുന്നം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. ദിലീഷ്, രതീഷ്, നിഖിൽ, സുദർശനൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.