ph
കായംകുളം നഗരസഭയിൽ ശതാബ്ദി ആഘോഷ സ്വാഗത സംഘം രൂപീകരണം യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

സമാന്തര ആഘോഷത്തിന് ബി.ജെ.പി

കായംകുളം : കായംകുളം നഗരസഭയുടെ ശതാബ്ദി ആഘോഷത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.

യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ പി.ശശികല അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമര സേനാനിയും മുൻ കൗൺസിലറുമായ കെ.എ.ബക്കറിനെ ആദരിച്ചു. നഗരസഭയുടെ മുൻ ചെയർമാൻമാർ, മുൻ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ കക്ഷി ,സാമൂഹിക സംഘടന നേതാക്കൾ, പൗര പ്രമുഖർ, വ്യാപാരികൾ കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു . ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടുകൂടിയാണ് ആഘോഷം.

മന്ത്രി എം.വി.ഗോവിന്ദൻ (മുഖ്യ രക്ഷാധികാരി) , പി.ശശികല (ശതാബ്ദി കമ്മിറ്റി ചെയർപേഴ്സൺ) കെ.നാരായണൻ,എം.ആർ രാജശേഖരൻ,ഷേയ്ക്ക് പി.ഹാരിസ്, മറിയാമ്മ ഡാനിയൽ, ഗീതാ വിശ്വൻ, കെ.പുഷ്പദാസ് ,ഗായത്രി തമ്പാൻ,അമ്പിളി സുരേഷ് ,സൈറാ നുജുമുദ്ദീൻ ,രാജശ്രീ കോമളത്ത്,എൻ.ശിവദാസൻ (വൈസ് ചെയർമാൻമാർ) മുനിസിപ്പൽ സെക്രട്ടറി (ജനറൽ കൺവീനർ) എന്നിവരാണ് സ്വാഗതസംഘം ഭാരവാഹികൾ. വിവിധ സബ്‌ കമ്മിറ്റികളും 300 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

സ്വാഗത സംഘ രൂപീകരണ യോഗം ബി.ജെ.പി ബഹിഷ്കരിച്ചു. ശതാബ്ദി ആഘോഷത്തെ സി.പി.എം പാർട്ടി ഏരിയാ സമ്മേളനത്തിന്റെ നിലവാരത്തിലേക്ക് മാറ്റിയതായി ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് ഡി.അശ്വനീദേവ് പറഞ്ഞു.

യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും ഒത്തുകളി രാഷട്രീയത്തിൽ പ്രതിഷേധിച്ചു സമാനമനസ്കരുമായി ചേർന്ന് സമാന്തര ശതാബ്ദി ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.