 
കുട്ടനാട്: കനത്ത മഴയും കിഴക്കൻവെള്ളത്തിന്റെ വരവും മൂലം കുട്ടനാട്ടിൽ കഴിഞ്ഞ ഒറ്റരാത്രികൊണ്ട് ഒന്നരയടിയിലേറെ ജലനിരപ്പ് ഉയർന്നു. ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിലാണ്. എ സി റോഡിൽ ഒന്നാങ്കര, പള്ളിക്കൂട്ടുമ്മ, മാമ്പുഴക്കരി, പാറയ്ക്കൽ ജംഗ്ഷനുകൾ തീർത്തും വെള്ളത്തിലായി. വെളിയനാട് കിടങ്ങറ കണ്ണാടി പുളിങ്കുന്ന് റോഡിൽ പുളിംചുവട് ജംഗ്ഷനും വെള്ളത്തിലാണ്.
കുട്ടനാട് മേഖലയിൽ പെട്ടന്ന് വെള്ളം കയറുന്ന പ്രദേശങ്ങളായ രാമങ്കരി, മുട്ടാർ, വെളിയനാട്, കൈനകരി, അപ്പർ കുട്ടനാടൻ മേഖലയായ തകഴി, തലവടി പ്രദേശങ്ങളിൽ അവസ്ഥ മോശമാണ്. പല കുടുംബങ്ങളേയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
രാമങ്കരി എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ വേഴപ്ര കുഴിക്കാല കോളനിയിലെ ആറു കുടുംബങ്ങളിൽ നിന്നായി 14പേരെയും മുട്ടാർ പഞ്ചായത്തിൽ സെൻ്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ എട്ടു കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു.
കൈനകരി പഞ്ചായത്തിൽ ഇന്ന് രാവിലെയോടെ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും. വെളിയനാട് പഞ്ചായത്തിലും വീടുകൾ വെള്ളത്തിലാണ്. തലവടി പഞ്ചായത്ത് ഏഴാം വാർഡ് കുതിരച്ചാൽ പുതുവൽ കോളനി ഏറെക്കുറെ വെള്ളത്തിൽ മുങ്ങി. 12 കുടുംബങ്ങളെ ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിലെ ക്യാമ്പിലേക്ക് മാറ്റി. പഞ്ചായത്തിലെ 4, 10, 9 വാർഡുകളിലെ സ്ഥിതിയും രൂക്ഷമാണ്. തകഴിയിൽ കുന്നുമ്മ മദ്രസയിലും ചിറയത്തും രണ്ടു ക്യാമ്പുകളിലായി എട്ടുകുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.