bb

ആലപ്പുഴ: 'മഴക്കാലമായത് കൊണ്ട് അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുടയും മഴക്കോട്ടുമെല്ലാം ഉണ്ടെന്ന് ഉറപ്പാക്കണം, പോകുന്നതിന് മുമ്പ് അവരെ കെട്ടിപ്പിടിച്ച് ഉമ്മയും കൊടുക്കണം. ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നുണ്ടെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് നേരത്തെ വരണമെന്നും പറയണം. നല്ല ശീലങ്ങൾ പാലിച്ച് മിടുക്കരാകണം... സ്നേഹത്തോടെ നിങ്ങളുടെ പ്രിയപ്പെട്ട കളക്ടർ മാമൻ...' ആലപ്പുഴ കളക്ടർ പദവി ഏറ്റെടുത്തതിന്റെ രണ്ടാം ദിനവും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് വി.ആർ. കൃഷ്ണതേജ ഫേസ്ബുക്കിൽ വീണ്ടും കുറിച്ചത് മറ്റൊരു വൈറലായി.

മഴ തുടരുന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിക്കൊണ്ട് ഉത്തരവിറക്കിയ ശേഷമായിരുന്നു 'കളക്ടർ മാമൻ' എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടുള്ള തേജയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബുധനാഴ്ച വൈകിട്ട് കുട്ടികളെ അഭിസംബോധന ചെയ്തിട്ട പോസ്റ്റും വൈറലായിരുന്നു. പോസ്റ്റിന് താഴെ കമന്റ് ബോക്സിൽ ധാരാളം പേരാണ് കളക്ടറെ മാമനെന്ന് വിളിച്ച് നന്ദിയും സ്നേഹവും പ്രകടിപ്പിച്ചത്. മുമ്പ് കോഴിക്കോട് കളക്ടറായിരുന്ന എൻ. പ്രശാന്തിന് 'കളക്ടർ ബ്രോ' എന്നൊരു സ്നേഹപ്പേര് ഉണ്ടായിരുന്നു. അവധി അറിയിപ്പോടെ 'കളക്ടർ മാമനും' കളം നിറഞ്ഞു നിൽക്കുമെന്നുറപ്പ്.