vanmaram-

മാന്നാർ: ചെന്നിത്തല പുത്തുവിളപ്പടി ജംഗ്‌ഷനിൽ അപകടാവസ്ഥയിലായ വാക മരം നാട്ടുകാരെ ഭീതിയിലാക്കുന്നു. മാന്നാർ-മാവേലിക്കര സംസ്ഥാനപാതയിൽ നവോദയ സ്‌കൂളിന്റെ മതിലിനോട് ചേർന്നുള്ള ബസ് കാത്തിരുപ്പ് കേന്ദ്രത്തിനു സമീപത്തായിട്ടുള വൻമരമാണ് അപകടാവസ്ഥയിലുള്ളത്. താഴ്വശം പൊള്ളയായ മരം ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. മഴയും കാറ്റും ശക്തമായതോടെ സമീപത്തുള്ള ഓട്ടോസ്റ്റാൻഡിലെ തൊഴിലാളികളും കച്ചവടക്കാരും പേടിയോടെയാണ് കഴിയുന്നത്. ഏതു നിമിഷവും നിലംപതിക്കാവുന്ന ഈ മരം മുറിച്ചുമാറ്റണമെന്ന ആവശ്യവുമായി പലതവണ അധികാരികളെ സമീപിച്ചിട്ടും, യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നാണ് ഓട്ടോതൊഴിലാളികൾ പറയുന്നത്. ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാനപാതയിലേക്ക് വളർന്ന് പന്തലിച്ച് കിടക്കുന്ന മരം വെട്ടിമാറ്റിയില്ലെങ്കിൽ വൻദുരന്തം ഉണ്ടാകാൻ സാദ്ധ്യതയേറെയാണ്.