ചേർത്തല: ശക്തമായി തുടരുന്ന കാറ്റിലും മഴയിലും പ്രതിസന്ധിയിലായ ഉൾനാടൻ മത്സ്യത്തൊഴിലാളികളെ
സൗജന്യ ഭക്ഷ്യക്കിറ്റും സാമ്പത്തിക സഹായവും നൽകി സംരക്ഷിക്കണമെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) മുഹമ്മ ഏരിയാ പ്രസിഡന്റ് കെ.എൻ.ബാഹുലേയനും സെക്രട്ടറി എം.ഷാനവാസും പ്രസ്താവനയിൽ പറഞ്ഞു.
കാറ്റും മഴയും നീരൊഴുക്കും മൂലം ഒരാഴ്ചയായി വേമ്പനാട്ട് കായലിൽ മത്സ്യബന്ധനത്തിന് പോകാൻ കഴിയുന്നില്ല. തിരമാലയിൽ വള്ളങ്ങൾ കല്ലിൽ അടിച്ച് തകരുന്നതും വലയും മറ്റും ഒഴുകിപ്പോകുന്നതും പതിവാണ്. തണ്ണീർമുക്കം മുതൽ പുന്നമട വരെ വള്ളങ്ങളും വലയും സംരക്ഷിക്കാനുള്ള കേന്ദ്രങ്ങളില്ല. ഒരു ലക്ഷം രൂപ വരെ ചെലവഴിച്ച് നിർമ്മിക്കുന്ന വലകളാണ് പലർക്കും നഷ്ടമായത്. മഴ കുറഞ്ഞാലും കായലിൽ നീരൊഴുക്കു ശക്തമായതിനാൽ ഒരാഴ്ചയെങ്കിലും ഇനിയും കായലിൽ പോകാനാവില്ലെന്നും ഇരുവരും വ്യക്തമാക്കി.