 
ആലപ്പുഴ : മഴക്കാലത്തിനൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവും കൂടിയതോടെ ജില്ലയിൽ മീൻപിടിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധന. മീൻ പിടിക്കാനുള്ള ഉപകരണങ്ങളുടെ വില്പനയും പൊടിപൊടിക്കുകയാണ്.വിനോദമെന്ന നിലയിലും വരുമാനമാർഗമാക്കിയും ചൂണ്ടയിട്ട് മൂൻപിടിക്കാനെത്തുന്നവരുടെ തിരക്കാണ് ജലാശയങ്ങൾക്ക് ചുറ്റും.
ഫിഷിംഗ് റോഡുകളും റീലുകളും ഉപയോഗിച്ചുള്ള മീൻപിടിത്തം യുവാക്കൾക്കിടയിൽ ഹരമായതോടെയാണ് ഈ രംഗത്തെ കച്ചവട സ്ഥാപനങ്ങളും പച്ച പിടിച്ചത്. ട്രോളിംഗ് നിരോധന കാലത്ത് ധാരാളം പേരാണ് ആധുനിക ചൂണ്ടകൾ വാങ്ങിക്കൂട്ടിയത്. 1000 മുതൽ 40,000 രൂപ വില വരുന്ന ഫിഷിംഗ് റോഡുകളും, 200- 3000 രൂപ നിരക്കിൽ ല്യൂറുകളും (കൃത്രിമ ഇര), ലക്ഷം രൂപ വരെ വിലയുള്ള റീലുകളും വിപണിയിൽ ലഭ്യമാണ്. ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് വില കൂടും. ചൈനീസ് ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ഓൺലൈൻ സൈറ്റുകളിലും ആധുനിക ചൂണ്ടയുടെ വിപണി കുതിച്ചു കയറുകയാണ്.
മികച്ച വരുമാനം
ചൂണ്ടയിടാനെത്തുന്ന യുവാക്കൾ ട്രോളിംഗ് നിരോധന കാലത്തും മഴ കനത്തപ്പോഴും പ്രതിദിനം മികച്ച വരുമാനമാണ് സമ്പാദിക്കുന്നത്. ഫ്രഷ് മത്സ്യമെന്ന് ഉറപ്പുള്ളതിനാൽ ചൂണ്ടയിൽ കുരുങ്ങുന്ന മത്സ്യങ്ങൾക്ക് വിപണിയിൽ ഡിമാൻഡുണ്ട്. ആറ്റു മീനുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ വിലക്കുള്ളതിനാൽ മികച്ച കച്ചവടമാണ് ചൂണ്ടക്കാർക്ക് ലഭിക്കുന്നത്.
കളിയല്ല, കാര്യം
മീൻ പിടിത്തത്തെ കായിക താത്പര്യത്തോടെ നോക്കി കാണുന്നവരുണ്ട്. ഇവർ ഒത്തുചേർന്ന് രൂപീകരിച്ച ഗ്രൂപ്പുകളിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ ഓദോ ദിവസത്തെയും ചൂണ്ടിയിടീൽ കേന്ദ്രം നിശ്ചയിക്കും. പുന്നമടക്കായൽ തീരം, തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം എന്നിവിടങ്ങളിലാണ് ചൂണ്ടയിടീൽ വ്യാപകമായിട്ടുള്ളത്.
വിനോദമെന്ന നിലയിൽ ചൂണ്ടയിടാൻ വരുന്നവരാണ് ഏറെയും. എത്ര വിലകൂടിയ ഫിഷിംഗ് റോഡുകൾ വാങ്ങിയാലും മീൻ പിടിക്കാൻ അറിയില്ലെങ്കിൽ പ്രയോജനമില്ല
- ദീപക് മണി, ആലപ്പുഴ