ആലപ്പുഴ : ജനറൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മാസ്റ്റർ പ്ലാനിനും ആവശ്യമായ റിപ്പോർട്ട് തയ്യാറാ

ക്കാൻ ആർ.എം.ഒ, ഡി.പി.എം, ഡോ.വിനീഷ് എന്നിവരെ ഉൾപ്പെടുത്തിയുള്ള ഇൻഫ്രാസ്‌ട്രെക്ചർ കമ്മറ്റിക്ക് ചുമതല നൽകാൻ ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.

ബയോ മെഡിക്കൽ വേസ്റ്റ് സ്റ്റോറേജിനുള്ള പുതിയ മുറി സജ്ജമാകുന്നതിനു മുൻപ് ഈ കമ്മിറ്റി യോഗം ചേരും.

നീതി മെഡിക്കൽ സ്റ്റോറിന് ആവശ്യമായ സൗകര്യം ഒരുക്കും. മെഡിബാങ്കിന്റെ വാടക കുടിശ്ശിക ലഭ്യമാക്കുന്നത് സംബന്ധിച്ച് കളക്ടർക്ക് കത്ത് നൽകാനും യോഗം തീരുമാനിച്ചു. ഓർത്തോട്ടിക് ആ,ഡ് പ്രോസ്തറ്റിക് ടെക്‌നീഷ്യന്റെ നിയമനം ഉണ്ടാകുന്നതുവരെ രോഗികൾക്ക് സേവനം തടസപ്പെടാതിരിക്കാൻ നിലവിലെ ടെക്‌നീഷ്യനെ ആർ.എസ്.ബി.വൈ സ്‌കീമിൽ തുടരുവാനും, നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്നും ആരും ജോലിയിൽ പ്രവേശിക്കാത്ത സാഹചര്യത്തിൽ പ്രൊഫഷണൽ എംപ്ലോയ്‌മെന്റിൽ നിന്നുള്ള ലിസ്റ്റ് പ്രകാരം ഇന്റവ്യൂ നടത്തി നിയമിക്കാനും തീരുമാനിച്ചു.

കാത്ത്‌ ലാബ് സബ് സ്റ്റേഷൻ ഇലക്ട്രീഷ്യൻ, ഫാർമസിസ്റ്റ്, എന്നീ ഒഴിവുകൾ എംപ്ലോയ്‌മെൻറ് വഴി നികത്തും.

വേതനം വർദ്ധിപ്പിച്ചു

കൗണ്ടർസ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ്, ഇലക്ട്രീഷ്യൻ, പവർ ലോൺട്രി അസിസ്റ്റൻറ്, പ്ലംബർ, ആർ.എസ്.ബി.വൈ സഹായി, ഇ.സി.ജി ടെക്‌നീഷ്യൻ എന്നിവരുടെ ദിവസ വേതനം 450 രൂപയായി വർദ്ധിപ്പിച്ചു. 65 വയസ് കഴിഞ്ഞ താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട്‌ സ്‌കൂൾ സർട്ടിഫിക്കറ്റ് ലഭ്യമല്ലാത്തവരിൽ നിന്നും ആധാർ കാർഡിന്റെ ഒർജിനൽ പരിശോധിച്ച് തീരുമാനമെടുക്കാനും, പുതിയ നിയമനങ്ങളിൽ സ്‌കൂൾ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനും തീരുമാനിച്ചു. ഒ.എസ്.ടി മുറികളുടെ വാടക കൂട്ടാനും തീരുമാനമായി.

യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.സലാം എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ജമുന വർഗീസ്, സൂപ്രണ്ട് സരിതകുമാരി, കെ.എസ്.ഇ.ബി എ.ഇ ശ്യാംമോഹൻ, വാട്ടർ അതോറിട്ടി എ.ഇ ബെൻ ബ്രൈറ്റ്, മാനേജ്‌മെൻറ് കമ്മറ്റി അംഗങ്ങളായ അജയ്‌സുധീന്ദ്രൻ, വി.ബി അശോകൻ, എം.വി ഹൽത്താഫ്, നസീർ പുന്നക്കൽ, ബി.നസീർ, ജി.സഞ്ജീവ് ഭട്ട്, തോമസ് കളരിക്കൽ, വി.ശ്രീജിത്ത്, ആർ.സുരേഷ്, ടോമിച്ചൻ ആന്റണി, ബാബുഷെരീഫ്, മുഹമ്മദ് ഷെരീഫ് എന്നിവർ പങ്കെടുത്തു.