rakshapravarththanam
ബുധനൂരിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ സ്കൂബി വള്ളത്തിൽ കരയ്‌ക്കെത്തിക്കുന്നു

മാന്നാർ: ബുധനൂർ ഗ്രാമപഞ്ചായത്ത് ഒന്ന്, മൂന്ന് വാർഡുകളിൽ വെള്ളപ്പൊക്കത്താൽ അകപ്പെട്ട വീടുകളിൽ കുടുങ്ങിയ 11 കുടുംബങ്ങളെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. 11 കുടുംബങ്ങളിൽ നിന്നുള്ള 46 പേരെയാണ് അഗ്നിരക്ഷാസേന കരയ്ക്കെത്തിച്ചത്. കാലവർഷക്കെടുതിയിൽ ബുധനൂരിലെ വാഴത്തറ, കോളത്തറ പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ ജലനിരപ്പുയർന്ന് സമീപത്തുള്ള വീടുകളിലേക്കും വെള്ളം കയറിയതോടെ ഇവർ ഒറ്റപ്പെടുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനാ, പൊലീസ്, സന്നദ്ധ സംഘടനകൾ എന്നിവർ ചേർന്ന് വള്ളത്തിൽ ഇവരെ വീടുകളിൽ നിന്നും രക്ഷിച്ച് കൊണ്ടുവരുകയായിരുന്നു. ഇവരെ ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ചെങ്ങന്നൂർ അഗ്നിശക്ഷാസേനാ ഓഫീസർ സുനിൽ ജോസഫ്, അസി.ഓഫീസർ രാജേന്ദ്രൻ പിള്ള, ബിനു ലാൽ, രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കുടുംബങ്ങളെ കരയ്ക്കെത്തിച്ചത്. മഴ ശമിച്ചാലും ഇവിടങ്ങളിൽ നിന്ന് വെള്ളം ഇറങ്ങണമെങ്കിൽ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് ഇവർ പറയുന്നത്.