campil-thahasildar
മാന്നാർ ഗവ.എൽ.പി സ്‌കൂളിലെ ക്യാമ്പിൽ തഹസിൽദാർ എം.ബിജുകുമാർ, ഡെപ്യൂട്ടി തഹസിൽദാർമാരായ കിഷോർഖാൻ, അഭിലാഷ്, മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സാബു സുഗതൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, പഞ്ചായത്ത് സെക്രട്ടറി ബിജു കെ.പി എന്നിവർ സന്ദർശിക്കുന്നു.

മാന്നാർ: തുടർച്ചയായി പെയ്യുന്ന മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും മാന്നാറിൽ ജലനിരപ്പുയർന്നു. മാന്നാർ ഗ്രാമപഞ്ചായത്തിലെ കുരട്ടിശ്ശേരി വില്ലേജിൽപ്പെട്ട ഒന്ന്, രണ്ട്, മൂന്ന്, നാല്, പതിനേഴ്, പതിനെട്ട് വാർഡുകളിലാണ് വെള്ളപ്പൊക്ക കെടുതികൾ രൂക്ഷം. വള്ളക്കാലി,മേൽപ്പാടം, വാലേൽ ഭാഗം, ചക്കിട്ട പാലം, ചെറ്റാല പറമ്പ്, മാന്തറകോളനി എന്നിവിടങ്ങളിലെ മിക്ക വീടുകളിലും വെള്ളം കയറി. മാന്നാർ- വീയപുരം റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു. മൂർത്തിട്ട മുക്കാത്താരി റോഡിലെ വെള്ളക്കെട്ട് യാത്ര ദുരിതത്തിലാക്കി. മാന്നാറിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധവും നിലച്ചു.

കൂടുതൽ വീടുകൾ വെള്ളത്തിലായതോടെ മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്‌കൂളിൽ ഇന്നലെ ഒരു ക്യാമ്പ് കൂടി തുറന്നതോടെ ക്യാമ്പുകളുടെ എണ്ണം മൂന്നായി. മാന്നാർ ഗവ.എൽ.പി സ്‌കൂളിൽ രാവിലെ ക്യാമ്പ് തുറന്നെങ്കിലും ആളുകളുടെ എണ്ണം കൂടിയതോടെ നായർസമാജം ഗേൾസ് സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു. കുട്ടംപേരൂർ എസ്.കെവി സ്‌കൂൾ, ചെങ്കിലാത്ത് സ്‌കൂൾ, നായർ സമാജം ഗേൾസ് സ്‌കൂൾ എന്നിവിടങ്ങളിലെ മൂന്നു ക്യാമ്പുകളിലായി എഴുപതോളം കുടുംബങ്ങളിലെ നൂറ്റമ്പതോളം ആളുകളാണ് കഴിയുന്നത്. പതിനെട്ടാം വാർഡിൽ പൊതൂരിലെ കമ്മ്യൂണിറ്റിഹാളിൽ നാലാമതൊരു ക്യാമ്പ് കൂടി തുറക്കുന്നതിനുള്ള സജ്ജീകരങ്ങൾ ചെയ്തിട്ടുണ്ട്.

തഹസിൽദാർ എം.ബിജുകുമാർ, ഡെപ്യൂട്ടി തഹസിൽദാർമാരായ കിഷോർഖാൻ, അഭിലാഷ്, മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സാബു സുഗതൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, പഞ്ചായത്ത് സെക്രട്ടറി ബിജു കെ.പി എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.