
ഭാഗിക യാത്രകൂടി ദുരിതത്തിലായി
ആലപ്പുഴ: നവീകരണത്തിനിടെ മഴ രൂക്ഷമായതും വെള്ളപ്പൊക്കവും എ-സി റോഡിലെ ഭാഗികമായ യാത്രകൂടി ദുരിതത്തിലാക്കി. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിപ്പെട്ടതോടെ റോഡിന്റെ പലഭാഗങ്ങളിലും വെള്ളം കയറി.
2023ൽ പൂർത്തീകരിക്കേണ്ട നവീകരണം പ്രതികൂല കാലാസ്ഥ മൂലം എന്നു തീരുമെന്ന് വ്യക്തതയില്ല. സർവീസ് താത്കാലികമായി നിറുത്തിവച്ചതോടെ കെ.എസ്.ആർ.ടി.സിക്ക് പ്രതിദിനം 30 ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ദേശീയ ജലപാതയിലെ പള്ളാത്തുരുത്തി പാലത്തിന്റെ നിർമ്മാണ ജോലികൾ ഇനിയും ആരംഭിച്ചിട്ടില്ല. മാനദണ്ഡങ്ങൾ പാലിച്ച് പാലം നിർമ്മിക്കാൻ അനുമതി നൽകി രണ്ടുമാസം പിന്നിട്ടിട്ടും നിർമ്മാണം ആരംഭിക്കാനായില്ല. ഒറ്റപ്പെട്ട ഓർഡിനറി സർവീസുക
ളാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്.
താത്കാലിക അപ്രോച്ച് റോഡിലൂടെയുള്ള യാത്രയും ദുരിതത്തിലാണ്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. താത്കാലിക റോഡുകളിലെ കുഴികൾ അപകടക്കെണികളായി. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയേതെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്.
# റോഡിലാകെ ഇരുട്ട്
പുനർനിർമ്മാണം നടക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ പോലും വെളിച്ചമില്ലാത്തതിനാൽ രാത്രിയിൽ അപകടങ്ങൾ പതിവായി. വടിയോര കടകൾ അടച്ചാൽ കൂരിരിട്ടാകും. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന പലേടത്തും സൈൻ ബോർഡുകളോ റിഫ്‌ളക്ടറുകളോ ഇല്ല. പാലങ്ങളുടെ വശങ്ങളിൽ പോലും ആവശ്യത്തിനു വെളിച്ചമില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് ചെറിയ റിഫ്‌ളക്ടറുകൾ സ്ഥാപിച്ചിട്ടുള്ളത്. റോഡിന്റെ വശത്ത് പുതുതായി നിർമ്മിച്ച ഓടകൾ കാണാൻ സാധിക്കാതെ വരുന്നതും അപകടമുണ്ടാക്കുന്നു. താത്കാലികമായി വള്ളികളിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന റിഫ്‌ളക്ടറുകൾ പലതും തെളിഞ്ഞു കാണുന്നുമില്ല.
റോഡിന്റെ തെക്കു വടക്കു ഭാഗത്തേക്കു നിരവധി ഇടറോഡുകളുണ്ട്. കൈനകരി റോഡ്, ചേന്നങ്കരി റോഡ്, പൂപ്പള്ളി ചമ്പക്കുളം റോഡ്, മങ്കൊമ്പ് ചമ്പക്കുളം റോഡ്, പള്ളിക്കൂട്ടുമ്മ- പുളിങ്കുന്ന് റോഡ്, മങ്കൊമ്പ് പാലം റോഡ്, കിടങ്ങറ- കൈനടി റോഡ് എന്നിവയുടെ
വശങ്ങളിൽ തെരുവു വിളക്കുകൾ സ്ഥാപിച്ചിട്ടില്ല. എ-സി റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഈ റോഡുകൾക്ക് വലിയ പ്രാധാന്മുണ്ട്. അതിനാൽ തെരുവു വിളക്കുകൾ അനിവാര്യമാണ്.
കുട്ടനാട്ടിലെ യാത്ര ദുരിതത്തിലാക്കുന്ന തരത്തിലാണ് എ-സി റോഡിന്റെ നവീകരണം. വെള്ളം കയറുന്ന ഭാഗങ്ങളിൽ മഴ മുന്നിൽക്കണ്ട് നിർമ്മാണ ജോലികൾ ആദ്യം പൂർത്തീകരിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ യാത്രാ ക്ളേശം ഉണ്ടാകില്ലായിരുന്നു
പ്രമോദ്, രാമങ്കരി
ഉദ്യോഗസ്ഥർക്ക് തോന്നിയ സ്ഥലങ്ങളിലാണ് മേൽപ്പാലം നിർമ്മിക്കുന്നത്. ഇപ്പോഴത്തെ നവീകരണ ജോലികൾ കുട്ടനാട്ടിലെ യാത്രാക്ളേശവും പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കും
സന്തോഷ്, മങ്കൊമ്പ്