 
അപകടഭീതിയിൽ യാത്രക്കാർ
ആലപ്പുഴ : കാറ്റും മഴയും ശക്തമായതോടെ താങ്ങു കുറ്റികൾ ഇല്ലാത്ത മുഹമ്മ ബോട്ട് ജെട്ടി അപകടഭീതിയിൽ. ബോട്ടുകൾ അടുപ്പിക്കാനുള്ള താങ്ങു കുറ്റികൾ പലതും കാലപ്പഴക്കം ചെന്ന അവസ്ഥയിലാണ്.
വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച കുറ്റികൾ മാറ്റി സ്ഥാപിക്കുമെന്ന് മുഹമ്മ പഞ്ചായത്ത് ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. ബോട്ട് ജെട്ടിയിൽ മേൽക്കൂര സ്ഥാപിക്കാനുള്ള തൂണുകളാണ് താങ്ങുകുറ്റികളായി ഉപയോഗിക്കുന്നത്. താങ്ങു കുറ്റിക്ക് പകരമായി ഇരുമ്പ് തൂണുകൾ ഉപയോഗിക്കുന്നത് മേൽക്കൂരയ്ക്ക് ബലക്ഷയംഉണ്ടാക്കും. ബലമില്ലാത്ത ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ചാൽ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. താങ്ങുകുറ്റികൾക്കായി തെങ്ങാണ് ഉപയോഗിക്കുന്നത്. യാത്രക്കാർക്ക് സുരക്ഷ ഒരുക്കാൻ ഗ്രാമ പഞ്ചായത്തോ ജലഗതാഗത വകുപ്പോ താങ്ങു കുറ്റികൾ സ്ഥാപിക്കാൻ നടപടി സ്വീകരണിക്കണമെന്നാണ് ആവശ്യം. ജില്ലയിലെ ഭൂരിഭാഗം ബോട്ട് ജെട്ടികളിലും താങ്ങുകുറ്റികൾ ബലക്ഷയത്തിലാണ്. ജില്ലയിൽ ഏറ്റവും അധികം തിരക്കുള്ള ബോട്ട് ജെട്ടികളിൽ ഒന്നാണ് മുഹമ്മ.
# പൊട്ടിപ്പൊളിഞ്ഞ് കക്കൂസ് ടാങ്ക്
ബോട്ട് ജെട്ടിയിലെ കക്കൂസ് ടാങ്ക് തകരാറിലായതിനാൽ ദർഗന്ധം അസഹനീയമാണ്. യാത്രക്കാരും ജീവനക്കാരും മൂക്ക് പൊത്തി നിൽക്കേണ്ട ഗതികേടിലാണ്. ടാങ്ക് പുനർ നിമ്മാണത്തിന് തുക അനുവദിച്ചെങ്കിലും തുടർ നടപടി സ്വീകരിക്കുകയോ നിർമ്മാണ പ്രവർത്തനം ആരംഭിക്കുകയോ ചെയ്തിട്ടില്ല. ബോട്ടിന്റെ പ്രൊപ്പല്ലറിൽ ചവറ് കുടുങ്ങുന്നത് പതിവാണ്. ജെട്ടിയിൽ ബോട്ട് എത്തുമ്പോൾ ജീവനക്കാർ വെള്ളത്തിൽ മുങ്ങി ഇവ നീക്കം ചെയ്യുകയാണ് പതിവ്. കക്കൂസ് ടാങ്ക് പൊട്ടിക്കിടക്കുന്നതിനാൽ അതിനും കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ബോട്ട് നിയന്ത്രിക്കാൻ സാധിക്കാതെ വന്നാൽ പിടിച്ച് നിറുത്താൻ താങ്ങു കുറ്റികൾ ഇല്ലങ്കിൽ വലിയ അപകടം ഉണ്ടാകും.
അടിയന്തിരമായി താങ്ങു കുറ്റികൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണം. മുഹമ്മ ഗ്രാമ പഞ്ചായത്ത് അനുവദിച്ച തുക ഉപയോഗിച്ച് കക്കൂസ് മാലിന്യ ടാങ്കിന്റെ ചോർച്ച അടയ്ക്കണം
ആദർശ് കുപ്പപ്പുറം, സംസ്ഥാന ജനറൽ സെക്രട്ടറി, സ്രാങ്ക് അസോസിയേഷൻ