ambala

ബണ്ടിലെ 30ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു

അമ്പലപ്പുഴ/ആലപ്പുഴ : കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ ചമ്പക്കുളത്തും തകഴിയിലും രണ്ട് പാടശേഖരങ്ങളിൽ മടവീണ് 433 ഏക്കറിലെ നെൽകൃഷി നശിച്ചു. ഇരുപാടശേഖരങ്ങളിലും ഇന്നലെ പുലർച്ചെയുണ്ടായ മടവീഴ്ചയിൽ 50 ദിവസം പ്രായമായ നെൽച്ചെടികളാണ് വെള്ളത്തിൽ മുങ്ങിയത്. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. ചമ്പക്കുളം ചെമ്പടി ചക്കങ്കരി പാടശേഖരത്തിൽ മടവീണ് 350 ഏക്കറിലെ നെൽകൃഷി നശിച്ചു. 170 കർഷകരുള്ള പാടശേഖരമാണിത്.

ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് തകഴിയിലെ വെള്ളാർകോണം പാടശേഖരത്തിൽ മട വീണത്. ഈ പാടശേഖരത്തിനോട് ചേർന്നുള്ള, രണ്ടാം കൃഷി ഇല്ലാത്ത കുന്നവൻകോട് പാടശേഖരത്തിന്റെ മോട്ടോർ തള്ളിയാണ് വെള്ളം ഇരച്ചു കയറിയത്. ഇടബണ്ട് തകർന്ന് രണ്ടു ഭാഗത്ത് മടവീഴ്ച ഉണ്ടായി. 23 മീറ്റർ നീളത്തിലും 12 മീറ്റർ നീളത്തിലുമായി രണ്ടു ഭാഗത്തായി വീണ മടകൾ അടയ്ക്കണമെങ്കിൽ 6 ലക്ഷം രൂപ വേണ്ടിവരും. എം.സാൻഡ് ചാക്കിൽ നിറച്ചിട്ടിട്ട് മുകളിൽ ഗ്രാവൽ നിരത്തിയാലേ മട പൂർണമായും അടക്കാനാവൂ എന്നാണ് കർഷകർ പറയുന്നത്. 83​.5 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്ത് 52 കർഷകരാണ് ഉള്ളത്. 50 ദിവസം പ്രായമായ നെൽച്ചെടികൾകൾക്ക് മൂന്നാം വളം ഇടേണ്ട സമയമായപ്പോഴാണ് മടവീഴ്ച. ഏക്കറിന് നാല്പതിനായിരം രൂപ വരെ ചെലവഴിച്ചിട്ടുണ്ടെന്ന് കർഷകർ പറയുന്നു.രണ്ടു ദിവസം കഴിഞ്ഞാൽ നെൽച്ചെടികൾ ചീഞ്ഞ് നശിക്കുമെന്നതിനാൽ മടതടഞ്ഞ് വെള്ളം വറ്റിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് കർഷകർ.

ബണ്ടുകളിൽ താമസിക്കുന്ന 30 ഓളം കുടുംബങ്ങളെ സംരക്ഷിക്കാനായാണ് പത്തു വർഷമായി രണ്ടാംകൃഷി ചെയ്യാതിരുന്ന പാടശേഖരത്ത് ഇത്തവണ സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കൃഷി ഇറക്കിയത്. ബണ്ടു തകർന്നതോടെ ഈ വീട്ടുകാർക്കും പ്രദേശത്തെ 120 ഓളം കുടുംബങ്ങൾക്കും റോഡിലെത്താനുള്ള മാർഗവും അടഞ്ഞു. തകഴി കൃഷി ഭവനിലെ അസി.കൃഷി ഓഫീസർ പൂജയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് മടയുടെ അളവുകളെടുത്തു. അടിയന്തരമായി മട അടച്ച് 40 എച്ച്.പിയുടെ മോട്ടോറും ഉപയോഗിച്ച് വെള്ളം വറ്റിച്ചാൽ കൃഷി രക്ഷപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

അടിയന്തരമായി സർക്കാർ ധനസഹായം ലഭിച്ചാലേ മട അടച്ച് കർഷകരെ സംരക്ഷിക്കാൻ കഴിയുകയുള്ളൂ. തകഴി കൃഷിഭവനു കീഴിലുള്ള 63 പാടശേഖരങ്ങളുടെ ബണ്ട് കുട്ടനാട് പാക്കേജിൽ ഉൾപ്പടെത്തി പുനർ നിർമ്മിച്ചെങ്കിലേ കൃഷി മുന്നോട്ട് കൊണ്ടു പോകാനാകുകയുള്ളൂ​

- മനോജ് കെ രവീന്ദ്രൻ. വെള്ളാർ കോണം പാടശേഖര സമിതി സെക്ര​ട്ടറി.