
ഇന്നലെ മൂന്ന് വീടുകൾ തകർന്നു
ആലപ്പുഴ : ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ജില്ലയിൽ ദുരുതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചവരുടെ എണ്ണം ആയിരം കടന്നു. ചെങ്ങന്നൂർ, കുട്ടനാട്, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലായി ഇന്നലെ വൈകിട്ടു വരെ 43 ക്യാമ്പുകളിലായി 507 കുടുംബങ്ങളിലെ 1762 പേരെയാണ് മാറ്റി പാർപ്പിച്ചത്.
കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലായി 59 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ തുറന്നു. 6761കുടുംബങ്ങളിലെ 26665പേരാണ് ഗുണഭോക്താക്കൾ. ഇന്നലെ ഒരു വീട് പൂർണമായും രണ്ട് വീടുകൾ ഭാഗികമായും തകർന്നു. മാവേലിക്കര താലൂക്കിലാണ് വീട് പൂർണമായും തകർന്നത്. അമ്പലപ്പുഴ, ആറാട്ടുപുഴ തീരങ്ങളിൽ കടൽകയറ്റം രൂക്ഷമായി തുടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്നലെ ജില്ലയിൽ മഴ ശക്തമല്ലായിരുന്നെങ്കിലും ജലനിരപ്പ് താഴ്ന്നില്ല.
ദുരിതാശ്വാസ ക്യാമ്പുകൾ
(താലൂക്ക്, ക്യാമ്പ്, കുടുംബങ്ങൾ, അംഗങ്ങൾ)
ചെങ്ങന്നൂർ : 24,274,973
കുട്ടനാട്: 10,134,469
മാവേലിക്കര: 4,19,63
കാർത്തികപ്പള്ളി : 6,80,257
കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ (താലൂക്ക് തലത്തിൽ)
കുട്ടനാട്....................52
കാർത്തികപ്പള്ളി........7
ബസ് സർവീസ് പുനരാരംഭിച്ചു
തിരുവല്ല- ആലപ്പുഴ റൂട്ടിൽ നെടുമ്പ്രം ഭാഗത്ത് വെള്ളം കയറിയതിനെത്തുടർന്ന് നിറുത്തി വച്ചിരുന്ന, തിരുവല്ലയിലേക്കുള്ള ബസ് സർവീസ് പുനരാരംഭിച്ചതായി കെ.എസ്.ആർ.ടി.സി അറിയിച്ചു.റോഡിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതിനാലാണ് നടപടി.
ജാഗ്രത പാലിക്കണം
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കക്കി ആനത്തോട് ഡാമിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിയന്ത്രിത അളവിൽ ഡാമിൽ നിന്നും വെള്ളം തുറന്നു വിടാൻ സാദ്ധ്യതയുള്ളതിനാൽ പമ്പയാറ് അടക്കമുള്ള നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണം.