
മാന്നാർ : പഴയ മാന്നാർ പൊലീസ് സ്റ്റേഷൻ കെട്ടിടവും പരിസരവും തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമായി മാറി. തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിനു വടക്കുവശത്ത് കാടുപിടിച്ച് കിടക്കുന്ന പറമ്പിലാണ് കെട്ടിടം. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ 2014 ഫെബ്രുവരി 25നാണ് അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പൊലീസ് സ്റ്റേഷൻ മാറ്റി പ്രവർത്തനമാരംഭിച്ചത്. ഉപേക്ഷിക്കപ്പെട്ട പൊളിഞ്ഞുവീഴാറായ പഴയകെട്ടിടം പൊളിച്ചു മാറ്റണമെന്നു ആഭ്യന്തര വകുപ്പ് പൊതുമരാമത്തു വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും എട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.
പഴയ പൊലീസ് സ്റ്റേഷൻ വളപ്പിൽ തൊണ്ടിമുതലുകളായ നിരവധി വാഹനങ്ങൾ കിടപ്പുണ്ട്. പഴയ കെട്ടിടത്തിന് തൊട്ടടുത്തായി എസ്.ഐക്ക് താമസിക്കാനായുള്ള ക്വാർട്ടേഴ്സ് ഉണ്ടെങ്കിലും കാട് പിടിച്ച് കിടക്കുന്ന ഇവിടം വാസയോഗ്യമല്ലാത്തതിനാൽ കിലോമീറ്ററുകൾ അകലെയുള്ള വാടകവീടുകളാണ് പൊലീസ് ഓഫീസർമാർക്ക് ആശ്രയം.
പരിസരമെങ്കിലും വൃത്തിയാക്കണം
മാന്നാർ ടൗണിന്റെ ഹൃദയ ഭാഗത്തുള്ള പഴയപൊലീസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചുമാറ്റി അവിടെ പൊലീസ്ക്ലബ് ഉൾപ്പെടെ നിർമ്മിക്കാനുള്ള നിർദ്ദേശങ്ങളായിരുന്നു ആഭ്യന്തര വകുപ്പ് മുന്നോട്ടുവച്ചത്. കെട്ടിടം പൊളിച്ചു മാറ്റാത്തതിനാൽ പദ്ധതികളെല്ലാം ഫയലിൽ ഉറങ്ങി. പുതിയ കെട്ടിടം നിർമ്മിച്ചില്ലെങ്കിലും ഇതിന്റെ പരിസരം വൃത്തിയാക്കി തെരുവ് നായ്ക്കളിൽ നിന്നും ഇഴജന്തുക്കളിൽ നിന്നും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റവന്യു പുറമ്പോക്കായ ഇവിടം ആയുർവേദ ആശുപത്രിക്കായി പുതിയകെട്ടിടം പണിയുന്നതിനായി എം.എൽ.എ സജിചെറിയാനുമായി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആവശ്യപ്പെട്ട പ്രകാരം 2015 -20 കാലയളവിൽ ഭരണസമിതി പദ്ധതിക്ക് അംഗീകാരം നൽകിയ രേഖ സമർപ്പിച്ചെങ്കിലും പിന്നീട് യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ആയുർവേദാശുപത്രി വാടകക്കെട്ടിടത്തിലേക്ക് മാറ്റേണ്ടിയും വന്നു.
-(ഷൈനാ നവാസ്, ടൗൺ വാർഡ് മെമ്പർ)
ഇവിടെയൊരു ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന് വ്യാപാരി സമൂഹത്തിന്റെ വർഷങ്ങളായുള്ള ആവശ്യമാണ്. മാന്നാറിൽ അടിക്കടി അഗ്നിബാധ ഉണ്ടാകുമ്പോൾ ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല, ഹരിപ്പാട് തുടങ്ങിയ ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്ന അഗ്നിശമന സേനാ യൂണിറ്റുകളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ടൗണിനോട് ചേർന്നുള്ള ഈ സ്ഥലത്ത് തന്നെ ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റ് ആരംഭിക്കുന്നത് ഏറെ ഗുണകരമാകും.
-(സജി കുട്ടപ്പൻ, വ്യാപാരി)