ggh

ഹരിപ്പാട്: ആഗസ്റ്റ് 1 മുതൽ 7 വരെ മുലയൂട്ടൽ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായി, ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്ന നിരവധി പരിപാടികൾ ആരംഭിച്ചു. മുലപ്പാൽ അമൃതാണെന്നും അത് കുഞ്ഞിൻറെ അവകാശമാണെന്നും വിളിച്ചറിയിക്കുന്ന പോസ്റ്ററുകൾഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലും, താലൂക്ക് ആശുപത്രിയിൽ ഹരിപ്പാട് റോട്ടറി ക്ലബ്ബ് സ്ഥാപിച്ച മുലയൂട്ടൽ കേന്ദ്രത്തിന്റെ പുറത്തും, പ്രദർശിപ്പിച്ചു. ഒപ്പം അമ്മമാർക്കും ഗർഭിണികൾക്കും മുലയൂട്ടലിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു. ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ പ്രസവ വാർഡിലുള്ള എല്ലാവർക്കും ബോധവത്കരണ ക്ലാസ് നടത്തി. അവിടെയുള്ള നവജാത ശിശുക്കൾക്കെല്ലാം ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വകയായി ശിശു സംരക്ഷണ സാമഗ്രികൾ വിതരണം ചെയ്തു. മുലയൂട്ടലിന്റെ പ്രാധാന്യം സമൂഹത്തിൽ പ്രചരിപ്പിക്കുമെന്നും എല്ലാ അമ്മമാരെയും അതിന് പ്രോത്സാഹിപ്പിക്കുമെന്നും ചടങ്ങുകളിൽ പങ്കെടുത്ത എല്ലാ ആരോഗ്യ പ്രവർത്തകരും പ്രതിജ്ഞയെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽ ശിവൻ ഉദ്ഘാടനം ചെയ്തു. ഡോ.ഷേർളി ലോഹിതൻ, ഹരിപ്പാട് റോട്ടറി ക്ലബ്ബ് പ്രസിഡൻറ് മഞ്ജു കൈപ്പള്ളിൽ, റോട്ടറി അസിസ്റ്റന്റ് ഗവർണർ അജയകുമാർ, പ്രൊഫ. ശബരീനാഥ്, ദാസ് എന്നിവർ സംസാരിച്ചു.