
ചേർത്തല: സ്വാതന്ത്റ്യത്തിന്റെ 75-ാം വാർഷിക ദിനത്തിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിലും ദേശീയ ഗാനം ആലപിക്കും. രാവിലെ 8 ന് എല്ലാ വീടുകളിലും കുടുംബാംഗങ്ങൾ ചേർന്നാകും ദേശീയ ഗാനം ആലപിക്കുക.ഇതിനായി പഞ്ചായത്തിലെ പതിനായിരത്തിനടുത്ത് കുടുംബങ്ങളിലും ദേശീയ ഗാനം അച്ചടിച്ചു നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയനും വൈസ് പ്രസിഡന്റ് അഡ്വ.എം സന്തോഷ്‌കുമാറും പറഞ്ഞു. സ്വാതന്ത്റ്യ ദിനാഘോഷത്തിന്റെ ഭാഗമായി 13 ന് പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിലും ദേശീയപതാക ഉയർത്തും. ഇതിനുള്ള കൊടികൾ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള തയ്യൽ യൂണിറ്റ് പഞ്ചായത്തിൽ ഒരുക്കുന്നുണ്ട്. മുപ്പതു രൂപയാണ് ഒരു കൊടിക്ക് വില.
സ്വാതന്ത്റ്യ ദിന പരിപാടികളുടെ വിളംബരത്തിന്റെ ഭാഗമായി 11 ന് 18 വാർഡിലും മാനവ സൗഹൃദ റാലിയുംനടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി പി.ഗീതാകുമാരി അറിയിച്ചു.