
മാന്നാർ: മാന്നാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിലെ സുജിത്ത് ശ്രീരംഗം നൽകിയ തിരഞ്ഞെടുപ്പ് ഹർജി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡായ കുട്ടംപേരൂരിൽ നിന്ന് മത്സരിച്ച് വിജയിച്ച സുനിൽ ശ്രദ്ധേയം യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നെന്നും കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിച്ച് ജയിച്ചതെന്നും 2020 ഡിസംബറിൽ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് എൽ.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിന്തുണയോടെ സുനിൽ വിജയിക്കുകയും ചെയ്തു. കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്ത സുനിൽ പാർട്ടിയോട് നടത്തിയത് വിശ്വാസ വഞ്ചനയായതിനാൽ അയോഗ്യനാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.
നൽകിയ വിപ്പ് പൂർണമല്ലെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ രേഖകൾ വ്യവസ്ഥകൾ പ്രകാരമല്ലെന്നും, സുനിൽ ശ്രദ്ധേയം നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിധിച്ചു. ഹർജിക്കാരനും ഡി.സി.സി പ്രസിഡന്റും വിപ്പ് പുറപ്പെടുവിക്കാൻ അധികാരമുള്ള വ്യക്തിയും ഈ പ്രത്യേക സാഹചര്യത്തെക്കുറിച്ച് വ്യത്യസ്തമായ വിശദീകരണങ്ങൾ നൽകിയതായും കമ്മീഷൻ വ്യക്തമാക്കി.
രാഷ്ട്രീയമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സുജിത് ശ്രീരംഗം പറഞ്ഞു.