photo

ആലപ്പുഴ : നെഞ്ചുവേദന അനുഭവപ്പെട്ട തൊഴിലാളി വെള്ളക്കെട്ടിനെത്തുടർന്ന് യഥാസമയം ആശുപത്രിയിലെത്തിക്കാൻ കഴിയാത്തതിനാൽ മരിച്ചു. തലവടി പഞ്ചായത്ത് 8-ാം വാർഡിൽ ഇല്ലത്ത് പറമ്പിൽ ഇ.ആർ. ഓമനക്കുട്ടനാണ് (50) മരിച്ചത്.

ഇന്നലെ വൈകിട്ട് 6ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട ഓമനക്കുട്ടനെ വീട്ടുകാരും സമീപവാസികളും ചേർന്ന് വള്ളത്തിൽ കയറ്റി തലവടി വിദ്യാപീഠം സ്കൂളിന് സമീപത്തെ റോഡരികിൽ എത്തിച്ച ശേഷം കാറിൽ പരുമല സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓമനക്കുട്ടന്റെ വീടിന് സമീപം വെള്ളക്കെട്ടായതിനാൽ ഇവിടെ നിന്ന് വാഹനത്തിൽ ആശുപത്രിയിലേക്ക് പോകുന്നതിൽ താമസമുണ്ടായി. മൃതദേഹം മോർച്ചറിയിൽ. വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ സംസ്‌കാരം പിന്നീടേ നടക്കുകയുള്ളൂ. കഴിഞ്ഞ വർഷം ഓമനക്കുട്ടന്റെ മൂത്തമകൾ പ്രിയങ്ക കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ : ബീന. പ്രവീണയാണ് മറ്റൊരു മകൾ. മരുമകൻ: സജി.