a

മാവേലിക്കര : കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പരിസരം സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് താലൂക്ക് വികസന സമിതി യോഗത്തിൽ സമി​തി​ അംഗം ജി.കോശി തുണ്ടുപറമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി​. പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചായി​രുന്നു സമരം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പരിസരം യാത്രക്കാർക്ക് ഉപയുക്തമാക്കുക, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് മുന്നിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുക, ബസ് സ്റ്റേഷന്റെ പ്രവേശന കവാടത്തോടു ചേർന്നുള്ള അനധികൃത ഇറക്കുകൾ മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ജൂലായ് മാസത്തിലെ യോഗത്തിൽ കോശി തുണ്ടുപറമ്പിൽ പരാതി നൽകിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിനു പരിഹാരം ഉണ്ടാകുമെന്നു ഉറപ്പ് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാരോപിച്ചാണ് ഇന്നലത്തെ യോഗം അവസാനിക്കും വരെ കുത്തിയിരിപ്പ് സമരം നടത്തിയത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പ്രശ്ന പരിഹാരത്തിനായി എം.എസ് അരുൺകുമാർ എം.എൽ.എയുമായി ആലോചിച്ചു ഒരാഴ്ചയ്ക്കുള്ളിൽ യോഗം വിളിക്കുമെന്നു അധികൃതർ യോഗത്തിൽ പറഞ്ഞതി​നെത്തുടർന്നാണു സമരം അവസാനിച്ചത്.