 
കുട്ടനാട്: കിടങ്ങറ- ചങ്ങനാശേരി കനാലിൽ കിടങ്ങറയ്ക്ക് സമീപം വെള്ളത്തിൽ ഉടക്കി കിടന്നിരുന്ന മുളങ്കൂട്ടത്തിലിടിച്ച് നിയന്ത്രണം വിട്ട, ജലഗതാഗത വകുപ്പിന്റെ ബോട്ട് പുതുകാപ്പ് ജെട്ടിയിലേക്ക് ഇടിച്ചു കയറി. ഡ്രൈവറുടെയും മറ്റു ജീവനക്കാരുടെയും സമയോചിത ഇടപെടൽ ദുരന്തമൊഴിവാക്കി.
ഇന്നലെ രാവിലെ 8.30 ഓടെ ചങ്ങനാശേരിയിൽ നിന്നു കിടങ്ങറ കെ.സി ജെട്ടിയിലേക്ക് വന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
2018ലെ പ്രളയത്തിൽ ജെട്ടിക്ക് സമീപം ഒഴുകിയെത്തിയതാണ് ഈ വലിയ മുളങ്കൂട്ടം. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കളക്ടർക്ക് നൽകിയ പരാതി ഇറിഗേഷൻ വകുപ്പിന് കൈമാറിയെങ്കിലും തുടർ നടപടി ഉണ്ടായില്ല.
വെള്ളപ്പൊക്കസമയത്ത് കിടങ്ങറ പുതുവൽ പട്ടികജാതി കോളനിയിലെ ആളുകളുടെ പ്രധാന ആശ്രയമാണ് ഈ ബോട്ട്
ജെട്ടി. ഇന്നലത്തെ അപകടത്തിൽ ജെട്ടിയുടെ മേൽക്കൂര തകർന്നതിനാൽ അഭയസ്ഥാനം നഷ്ടമായ അവസ്ഥയിലാണ് കോളനിവാസികൾ.
അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് കുട്ടനാട് നോർത്ത് മണ്ഡലം പ്രസിഡന്റ് സി.വി. രാജീവ് ആവശ്യപ്പെട്ടു