t
t

ആലപ്പുഴ: കൊവിഡും വെള്ളപ്പൊക്കവും ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ടെങ്കിലും ഇത്തവണ ഓണവിപണി ഉഷാറാവുമെന്ന വിശ്വാസത്തിലാണ് വ്യാപാര മേഖല. ഇത് തീയതി എട്ട്. അടുത്തമാസം എട്ടിനാണ് തിരുവോണം. കഴിഞ്ഞ രണ്ട് വർഷവും ഓണം കലണ്ടറിലൊതുങ്ങിയപ്പോൾ വൻ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. ഇക്കുറി​യെങ്കി​ലും കര കയറിയില്ലെങ്കിൽ ഇനിയൊരു കാത്തിരിപ്പ് സഹിക്കാവുന്നതിനും അപ്പുറമാവും.

ഗൃഹോപകരണ, വാഹന വിപണികളിൽ ഓണം ഓഫറുകൾ കളം നിറയുകയാണ്. മഴ കുറഞ്ഞ് തുടങ്ങിയതോടെ വരും ദിവസങ്ങളിൽ വിപണി ഉണരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വസ്ത്ര വ്യാപാര മേഖലയിലാവട്ടെ, ഏറ്റവും പുതിയ ട്രെൻഡുകൾ എത്തിത്തുടങ്ങി. ആഘോഷങ്ങളും ചടങ്ങുകളുമില്ലാതിരുന്ന കൊവിഡ് കാലത്ത് പുത്തൻ മോഡലുകൾ തേടിയെത്തുന്നവർ കുറവായിരുന്നു. എന്നാൽ ആ സ്ഥിതിക്ക് മാറ്റം വന്നു. ഓൺലൈൻ സൈറ്റുകളിൽ ഓഫറുകളോടെ ഓണ വസ്ത്ര - ആഭരണ വിപണി ആരംഭിച്ചിട്ടുണ്ട്. ആഘോഷദിനങ്ങളെ വരവേൽക്കാൻ ചിപ്സ് നിർമ്മാണ കേന്ദ്രങ്ങളും സജീവമായി​. ഓണനാളുകൾ അടുക്കുന്നതോടെ വെളിച്ചെണ്ണയ്ക്കും ഏത്തക്കയ്ക്കും വില കുതിക്കുമ്പോൾ ഉപ്പേരി വിലയും ഉയരും.

പൊളിയുന്നു ചില പ്രതീക്ഷകൾ

ദേശീയപാത വികസനത്തിന്റെ ഭാഗമായി വ്യാപാരശാലകൾ പലതും പൊളിച്ചു നീക്കേണ്ടി വരുന്നത് വലിയൊരു വിഭാഗം വ്യാപാരികളെ നിരാശരാക്കിയിട്ടുണ്ട്. നഷ്ടപരിഹാരം ലഭിച്ചെങ്കിലും പുതിയ സ്ഥാപനം തു‌ടങ്ങി നിലയുറപ്പിക്കേണ്ടി വരാനുള്ള കാലതാമസമാണ് ഇവരെ വിഷമിപ്പിക്കുന്നത്.

പ്രി​യമേറും നാടൻ പൂവിന്

യുവകർഷകൻ ചേർത്തല സ്വദേശി സുജിത്തിന്റെ പാത പിന്തുടർന്ന് ആലപ്പുഴ നഗരസഭയിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബന്ദിപ്പൂ കൃഷി വ്യാപകമാക്കിയിട്ടുണ്ട്. തിരുവിഴ ഫാം ടൂറിസം കേന്ദ്രത്തിലെ ബന്ദിപ്പൂക്കളുടെ വിളവെടുപ്പ് ആരംഭിച്ചു. ആലപ്പുഴ നഗര കവാടമായ എസ്.ഡി കോളേജിന് മുന്നിലുള്ള ബൈപ്പാസ് ഡിവൈഡറിലെ പൂന്തോട്ടമടക്കമുള്ളവ ഓണമടുക്കുമ്പോൾ വിളവെടുക്കാൻ പാകമാകുമെന്നാണ് പ്രതീക്ഷ. പൂവിനൊപ്പം പച്ചക്കറി ലഭ്യതയും ഉറപ്പാക്കാൻ വ്യാപകമായി പച്ചക്കറി കൃഷിയും മുന്നേറുന്നുണ്ട്. അയൽ ജില്ലകളിലേക്കുൾപ്പെടെ എത്തിക്കാൻ പാകത്തി​ന് വിപുലമായ കൃഷിയാണ് ചേർത്തല കേന്ദ്രീകരിച്ച് നടക്കുന്നത്. കുട്ടനാട്ടിലെ കൃഷി ഭൂരിഭാഗവും ഇത്തവണത്തെ മഴയിലും നശിച്ചു.

ആശ്വാസക്കി​റ്റ്

പതിവ് പോലെ ഇത്തവണയും സർക്കാരിന്റെ ഓണക്കിറ്റെത്തുമെന്നത് ആശ്വാസമാണ്. ഈ ആഴ്ച തന്നെ കിറ്റ് വിതരണം ആരംഭിച്ചേക്കും. റേഷൻ കടകൾ വഴിയാണ് തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളടങ്ങുന്ന കിറ്റ് വിതരണം ചെയ്യുക. ഓണംഫെയറിന് അനുബന്ധമായി സപ്ലൈക്കോ സൂപ്പർമാർക്കറ്റുകളിൽ 1000 രൂപ വരുന്ന കിറ്റുകൾ ലഭ്യമാക്കും.

ഓണക്കിറ്റിൽ

പ‌ഞ്ചസാര: 1 കിലോ

ചെറുപയർ: 500 ഗ്രാം

തുവരപ്പരിപ്പ്: 250 ഗ്രാം

ഉണക്കലരി: അര കിലോ

വെളിച്ചെണ്ണ: 500 മില്ലി ലിറ്റർ

തേയില: 100 ഗ്രാം

മുളകുപൊടി: 100 ഗ്രാം

മഞ്ഞൾപ്പൊടി: 100 ഗ്രാം

സേമിയ / പാലട

ഉപ്പ്: 1 കിലോ

ശർക്കരവരട്ടി: 100 ഗ്രാം

എലയ്ക്ക / കശുവണ്ടി: 50 ഗ്രാം

നെയ്യ്: 50 മില്ലി ലിറ്റർ

.................................

ഈ മാസം പകുതിയോടെ ഓണക്കച്ചവടം ഉഷാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓണ അലവൻസുകളും ബോണസും ലഭ്യമാകുന്ന മുറയ്ക്കാവും ഉപഭോക്താക്കൾ എത്തുന്നത്. പരീക്ഷ അവസാനിക്കുമ്പോൾ കുടുംബമായെത്തുന്നവരുടെ എണ്ണം കൂടും

ഫൈസൽ, വസ്ത്രവ്യാപാരി