t
t

തദ്ദേശ സ്ഥാപനങ്ങളിലെ ഡെപ്പോസിറ്റ് കരാറുകാർ നട്ടംതിരിയുന്നു

ആലപ്പുഴ: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ജല അതോറിട്ടി എക്സിക്യുട്ടീവ് എൻജിനീയർ ഓഫീസിൽ നിക്ഷേപിച്ച (ഡെപ്പോസി​റ്റ് വർക്ക്) ഒരു കോടിയോളം രൂപ കരാറുകാർക്ക് കൈമാറുന്നില്ലെന്ന് പരാതി.

10 ഗ്രാമപഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും 16 പദ്ധതികൾക്കാണ് തുക നിക്ഷേപിച്ചത്. ഈ പദ്ധതികളിൽ ഉൾപ്പെട്ട പണികൾ പൂർത്തീകരിച്ചെങ്കിലും കരാറുകാർക്ക് നൽകാൻ പണമില്ലെന്നാണ് വിശദീകരണം. പൂർത്തിയായ കരാറുകൾക്ക് 73.91 ലക്ഷം ഉൾപ്പെടെ ഒരു കോടി രൂപ ആവശ്യപ്പെട്ട് വാട്ടർ അതോറിട്ടി ഫിനാൻസ് മാനേജർക്ക് ജൂൺ 28ന് കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. തുക വൈകുന്നതിനാൽ കരാറുകാർ ബുദ്ധിമുട്ടിലാണ്. ഡെപ്പോസിറ്റ് വർക്കുകൾക്കായി പഞ്ചായത്തുകളും നഗരസഭകളും നിക്ഷേപിച്ച തുക കേന്ദ്ര ഓഫീസിന് കൈമാറുന്നതാണ് പതിവ്. പദ്ധതി പൂർത്തീകരിച്ച് കൃത്യമായ ബില്ലും രസീതുകളും ഹാജരാക്കിയാൽ കേന്ദ്ര ഓഫീസിൽ നിന്ന് പണം കൈമാറണം. പണി പൂർത്തിയായാൽ വേഗം പണം കിട്ടുമെന്ന് വിശ്വസിച്ച് അടങ്കൽ തുകയുടെ 5 മുതൽ 15 ശതമാനം വരെ കുറച്ചാണ് ഡെഡിപ്പോസിറ്റ് വർക്കുകൾ കരാറുകാർ എടുക്കുന്നത്. പക്ഷേ, മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാത്തത് കരാറുകാരെ വട്ടംചുറ്റിക്കുകയാണ്.

# നേട്ടം പലവിധം

ഡെപ്പോസിറ്റ് വർക്കിന്റെ മുഴുവൻ തുകയും ബന്ധപ്പെട്ട സ്ഥാപനം വാട്ടർ അതോറിട്ടിയിൽ നിക്ഷേപിക്കും. അതോറിട്ടി ടെണ്ടർ വിളിച്ച് കരാർ ഉറപ്പിക്കും. അടങ്കൽ തുകയേക്കാൾ കുറഞ്ഞ തുകയ്ക്കാണ് കരാർ നൽകുന്നതെങ്കിൽ ശേഷിച്ച തുക അതോറിട്ടിക്ക് ലഭിക്കും. ബാങ്കുകളിലെ അക്കൗണ്ടിലാണ് ബന്ധപ്പെട്ടവർ പണം നിക്ഷേപിക്കുന്നതെങ്കിൽ ലഭിക്കുന്ന പലിശയും വകുപ്പിന് ലഭിക്കും. ഇതിന് പുറമേ ഓരോ പദ്ധതിക്കും സർക്കാർ നിർദ്ദേശം അനുസരിച്ച് സൂപ്പർവിഷൻ ചാർജ്ജായി അഞ്ചുമുതൽ 15 ശതമാനം വരെ തുക ഈടാക്കുന്നതും അതോറിട്ടിക്ക് ലഭിക്കും.

# പിഴ നൽകണം

നിർമ്മാണം പൂർത്തീകരിച്ച ഡെപ്പോസിറ്റ് വർക്കുകളുടെ പണം നൽകുന്നത് വൈകിപ്പിച്ചാൽ കരാറുകാരന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ 18 ശതമാനം പലിശ നൽകണമെന്നും വ്യവസ്ഥയുണ്ട്. തുക വകമാറ്റി ചെലവഴിച്ചാൽ അതിനു പിഴ വേറെ. ഡെപ്പോസിറ്റ് വർക്കിന് മാത്രമല്ല ആലപ്പുഴയിൽ വാർഷിക അറ്റകുറ്റപ്പണി നടത്തിയതിനു പോലും കൃത്യമായി ബില്ല് പാസാക്കാറില്ലെന്ന പരാതിയുമുണ്ട്.

.............................

കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്. ഡെപ്പോസിറ്റുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ച് കരാറുകാർക്ക് പണം കൃത്യമായി നൽകും

ഗിരീഷ്, എക്സിക്യുട്ടീവ് എൻജിനീയർ, ആലപ്പുഴ

...........................

# ഡിപ്പോസിറ്റ് വർക്ക് പൂർത്തീതികരിച്ച തദ്ദേശ സ്ഥാപനങ്ങൾ

നഗരസഭകൾ: 7.87 ലക്ഷം (ചെങ്ങന്നൂർ, ഹരിപ്പാട്)

പഞ്ചായത്തുകൾ: 66.03 ലക്ഷം (കാർത്തികപ്പള്ളി, കഞ്ഞിക്കുഴി, ചെറിയനാട്, താമരക്കുളം, കണ്ടല്ലൂർ, കരുവാറ്റ, ആറാട്ടുപുഴ, കൃഷ്ണപുരം, പുറക്കാട്, ചുനക്കര)