e

ഇ.എം.എസ് സ്റ്റേഡിയം നവീകരണം സ്റ്റേയിൽ കുടുങ്ങി

ആലപ്പുഴ: സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ സ്വകാര്യ വ്യക്തി വാങ്ങിയ സ്റ്റേ, ഇ.എം.എസ് സ്റ്റേഡിയം നവീകരിക്കാനുള്ള നടപടികൾക്ക് തടസമാകുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിന് ടെണ്ടറായത്. പത്തര കോടിയുടെ പദ്ധതി രണ്ട് ഘട്ടങ്ങളായി നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. സ്റ്റേഡിയത്തിന്റെ സിവിൽ വർക്കുകളും ഫീൽഡിൽ ഉന്നത നിലവാരത്തിലുള്ള പുല്ല് വച്ചുപിടിപ്പിക്കുന്നതും ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തി. അന്തർദേശീയ നിലവാരത്തിൽ ട്രാക്ക് സ്ഥാപിക്കുന്നത് രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കാനാണ് ആലോചിച്ചിരുന്നത്. എന്നാൽ സ്റ്റേഡിയത്തിൽ കുറച്ച് മണ്ണ് ഇറക്കിയതല്ലാതെ മറ്റ് ജോലികളൊന്നും നടത്താൻ സാധിച്ചിട്ടില്ല. നിലവിൽ സ്വകാര്യ ചികിത്സാ കേന്ദ്രം, ഭക്ഷണശാല എന്നിവയാണ് സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്നത്. ആകെ കാടുപിടിച്ച അവസ്ഥയാണ്. ട്രാക്കിൽ പുല്ല് വളർന്നതോടെ നടക്കാൻ പോലും പ്രയാസമാണ്. ഗാലറിയിലെ ടൈലുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സാമൂഹ്യ വിരുദ്ധരും ഇഴജന്തുക്കളും ഇവിടം താവളമാക്കുന്നതായി വ്യാപാരികൾ പരാതിപ്പെടുന്നു.

തർക്കം, തടസം

സ്റ്റേഡിയം നിലനിൽക്കുന്ന സ്ഥലം സംബന്ധിച്ച അവകാശവാദവും സ്വകാര്യ വ്യക്തികൾ വാങ്ങിയെടുത്ത സ്റ്റേ ഉത്തരവുകളുമാണ് വികസനത്തിന് തടസമായി നിൽക്കുന്നത്. സ്റ്റേഡിയത്തിലെ 2.5 സെന്റ് സ്ഥലം തന്റേതാണെന്നാണ് ഒരാളുടെ വാദം. എന്നാൽ ഹൈക്കോടതിയിൽ ഇത് തെളിയിക്കാൻ സാധിച്ചില്ല. തടസങ്ങൾ മാറിയപ്പോഴാണ് സ്‌പോർട്‌സ് ഡയറക്ടറേറ്റിൽ നിന്നു സാങ്കേതികാനുമതിയും സർക്കാർ അനുമതിയും കിറ്റ്‌ക്കോയുടെ ക്ലിയറൻസും അടക്കം നിരവധി കടമ്പകൾ കടന്ന് ടെണ്ടർ വരെയെത്തിയത്. ഇതിനിടെ ചിലർ വീണ്ടും സ്റ്റേ വാങ്ങിയതാണ് നിലവിലെ പ്രതിസന്ധി.

ചരിത്രം

2006ൽ ആരംഭിച്ച സ്റ്റേഡിയം നിർമാണം ആദ്യ ഘട്ടം പൂർത്തിയാക്കിയതോടെ 2010ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ഉദ്ഘാടനം നിർവഹിച്ചത്. വിജിലൻസ് അന്വേഷണത്തിൽ കുടുങ്ങി തുടർ നിർമ്മാണ പ്രവർത്തനങ്ങൾ അവതാളത്തിലായി. 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, പവിലിയൻ, ബാത്ത് റൂം, ഓഫീസ്, കോൺഫറൻസ് ഹാൾ എന്നിവയാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ഫുട്ബാൾ മൈതാനം, ട്രിപ്പിൾ, ലോംഗ്ജമ്പ് പിറ്റുകൾ, കായിക താരങ്ങൾക്കുള്ള താമസസൗകര്യം എന്നിവ പൂർത്തിയായിരുന്നു.

സ്റ്റേഡിയം യാഥാർത്ഥ്യമായാൽ ഞങ്ങളുടെ വ്യവസായങ്ങളും പച്ചപിടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ യാതൊരു പുരോഗതിയുമില്ലാതെ പണി മുടങ്ങിക്കിടക്കുകയാണ്. എത്രയും വേഗം സ്റ്റേഡിയം യാഥാർത്ഥ്യമാക്കണം

വ്യാപാരികൾ, ഇ.എം.എസ് സ്റ്റേഡിയം