ആലപ്പുഴ: കിണറ്റിൽ വീണ ഗർഭിണിയായ എരുമയെ ഫയർഫോഴ്സ് രക്ഷിച്ചു. ജില്ല പൊലീസ് മേധാവിയുടെ ഓഫീസിന് മുൻവശത്തെ കനാൽകരയിലെ 10 അടി താഴ്ചയുള്ള കിണറ്റിൽ സക്കറിയ ബസാർ സ്വദേശി അഷ്‌കറിന്റെ എരുമയാണ് വീണത്. ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു സംഭവം. ഗർഭിണിയായതിനാൽ വടം കെട്ടി ഉയർത്താൻ കഴിഞ്ഞില്ല. ഇടുങ്ങിയ കിണറായതിനാൽ അരമണിക്കൂറിലേറെ സമയം എടുത്താണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് എരുമയെ പുറത്തെത്തിച്ചത്. അസി. സ്‌റ്റേഷൻ ഓഫീസർ ബൈജു, ഓമനക്കുട്ടൻ, ജിജോ, അഭിലാഷ് ശശി, ഹാഷിം എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.