അമ്പലപ്പുഴ: ആശ്രിതരില്ലാതെ അനാഥനായ കാഥികൻ വണ്ടാനം ഷാജിക്ക് അഭയമേകി പുന്നപ്ര ശാന്തി ഭവൻ. ഒരു കാലഘട്ടത്തിൽ ഷാജി കഥാ പ്രസംഗത്തിൽ സജീവമായിരുന്നു . നിഷയുടെ നിഴൽ, നിണം വാർന്ന ഭാരതം തുടങ്ങി നിരവധി കഥകളാണ് ഇദ്ദേഹം വേദികളിൽ അവതരിപ്പിച്ചത്. ഇതിൽ നിണം വാർന്ന ഭാരതം നാടകമായപ്പോൾ ഷാജി ഇതിലെ പ്രധാന ഹാസ്യ കഥാ പാത്രമായിരുന്നു. കഥാ പ്രസംഗ രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ഇടകൊച്ചി സലിം കുമാറിനൊടൊപ്പം ചേർന്ന് കഥാ പ്രസംഗകരുടെ സംഘടനയുണ്ടാക്കി. കുടുംബ വഴക്കിന്റെ പേരിൽ വീട് വിട്ടെറിങ്ങിയ ഇദ്ദേഹം 97 മുതൽ ഒറ്റപ്പെട്ട ജീവിതമായിരുന്നു. തെരുവിൽ നിന്ന് ആക്രി പെറുക്കി വിറ്റായിരുന്നു ഉപജീവനം. ഇതിനിടയിൽ കരുമാടിയിൽ വച്ച് കാർ തട്ടി ഗുരുതരമായി പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തെ പരിചരിച്ചിരുന്ന സഹോദരനും മരിച്ചതോടെയാണ് 60കാരനായ ഷാജിയെ പുന്നപ്രശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഏറ്റെടുത്തത്.