 
അമ്പലപ്പുഴ: ഇടവകയോട് ആലോചിക്കാതെ രൂപത നേതൃത്വത്തിൽ കെട്ടിടം പൊളിച്ചു മാറ്റിയതിൽ പ്രതിഷേധം.
വണ്ടാനം മേരി ക്വീൻ ചർച്ചിന് കീഴിലെ കുടുംബങ്ങളാണ് ആലപ്പുഴ രൂപതയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. മേരി ക്വീൻ ചർച്ചിനു മുന്നിൽ 1990ൽ രൂപത നിർമിച്ച കെട്ടിടം കഴിഞ്ഞ വെള്ളിയാഴ്ച പൊളിച്ചുമാറ്റിയിരുന്നു.പുനർ നിർമിക്കുന്ന കെട്ടിടം ഇടവകയ്ക്ക് നൽകാമെന്ന ഉറപ്പിലാണ് പൊളിച്ചത്. എന്നാൽ രൂപത പിൻമാറിയതോടെ ഇടവക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പള്ളിക്ക് മുന്നിൽ കുരിശ് സ്ഥാപിച്ചാണ് പ്രതിഷേധിച്ചത്. പള്ളിയുടെ സമീപത്ത് പ്രവർത്തിക്കുന്ന 2 ഹോസ്റ്റലുകൾ, ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയിൽ നിന്നടക്കം ഏകദേശം 5 ലക്ഷം രൂപ പ്രതിമാസം ലഭിക്കാറുണ്ടെങ്കിലും ഒരു രൂപ പോലും ഇടവകയ്ക്കായി രൂപത ചെലവഴിക്കാറില്ലെന്ന് വിശ്വാസികൾ ആരോപിക്കുന്നു. പൊളിച്ച സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് കുരിശ് സ്ഥാപിച്ചുകൊണ്ട് ഇടവക സംരക്ഷണ സമിതി കൺവീനർ പ്രിൻസ് വി.കമ്പിയിൽ പറഞ്ഞു.