 
അമ്പലപ്പുഴ: കരുമാടി ജലോത്സവം വള്ളംകളി പ്രേമികൾക്ക് ആവേശം പകർന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് കരുമാടിക്കുട്ടൻ മണ്ഡപത്തിന് സമീപം കരുമാടി കുട്ടന്റെ കടവിലാണ് അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത്, കരുമാടിക്കുട്ടൻസ്, കരുമാടി ജലോത്സവ സമിതി എന്നിവർ സംയുക്തമായി ജലമേള സംഘടിപ്പിച്ചത്. എ.എം. ആരിഫ് എം.പി ജലോത്സവം ഉദ്ഘാടനം ചെയ്തു. മൂലം ജലോത്സവ ജേതാക്കളായ ചമ്പക്കുളം ചുണ്ടനും കേരള പൊലീസ് ബോട്ട് ക്ലബിനും സ്വീകരണം നൽകി. കോച്ച് സുനിൽ കുമാർ കൈനകരി, ക്യാപ്ടൻ കുഞ്ചപ്പൻ മുണ്ടയ്ക്കൽ ചമ്പക്കുളം, ചലഞ്ചർ നാഷണൽ റോവിംഗ് ചാമ്പ്യൻ ഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ കേരള ടീം അംഗം ജി. ഗോഗുൽ കൃഷ്ണ എന്നിവരെ ജലോത്സവ സമിതി രക്ഷാധികാരി കൂടിയായ എച്ച്. സലാം എം.എൽ.എ ആദരിച്ചു. വിജയികൾക്ക് അമ്പലപ്പുഴ ഡിവൈ.എസ്.പി ട്രോഫികൾ വിതരണം ചെയ്തു.