 
കായംകുളം: കൃഷ്ണപുരം മുതൽ രാമപുരം വരെ ദേശീയപാതയിൽ കുഴികൾ നിറഞ്ഞതോടെ അപകടങ്ങൾ പെരുകുന്നു. ഇരുചക്ര വാഹനങ്ങളാണ് വലിയ ഭീഷണി നേരിടുന്നത്.
ഇന്നലെ പുലർച്ചെ രാമപുരത്ത് കെ.എസ്.ആ.ടി.സി ബസും കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം റോഡിലെ കുഴി മൂലമായിരുന്നു. കുഴി ഒഴിവാക്കാനുള്ള പരിശ്രമത്തിൽ നിയന്ത്രണം തെറ്റിയാണ് കൂട്ടയിടി നടന്നത്. കായംകുളത്തിന് തെക്കോട്ട് ചിറക്കടവം, കെ.പി.എ.സി ജംഗ്ഷൻ, കുന്നത്താലും മൂട്, കൃഷ്ണപുരം, മുക്കട എന്നിവിടങ്ങളിലും വടക്കോട്ട് എൽ.ഐ.സി ജംഗ്ഷൻ, എം.എസ്.എം കോളേജ്, കൊറ്റുകുളങ്ങര, കരീലക്കുളങ്ങര, മാളിയേക്കൽ, രാമപുരം എന്നിവിടങ്ങളിലും അപകടം ഉറപ്പാക്കും വിധമുള്ള കുഴികളാണ് ദേശീയപാത നിറയെ.
അടുത്തടുത്താണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. വലിയ വിസ്താരവും ആഴവുമുണ്ട്. ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാതിരുന്നാൽ ഭാഗ്യം. രണ്ട് മാസമായി ദേശീയപാത ഇതേ അവസ്ഥയിലായിരുന്നെങ്കിലും മഴ കനത്തതോടെ തകർച്ച സമ്പൂർണമായി. രാത്രിയിലാണ് അപകടങ്ങൾ ഏറെയും. ഇന്നലെ രാമപുരത്ത് നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവർ കണ്ണൂർ സ്വദേശി വിഷ്ണു ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലാണ്. കാർ നിശേഷം തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്. ബൈക്ക് യാത്രികരായ രണ്ടുപേർക്കും പരിക്കേറ്റു.
------------------------------------
പ്രതിഷേധം പലവഴി
ദേശീയ പാതയിലെ കുഴികൾ താണ്ടി വരുന്നവർക്ക് കുഴിമന്തി വിളമ്പി കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. ദേശീയ പാതയിലെ കുഴികൾ അടയ്ക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് സമരം. കുഴികൾ കോൺക്രീറ്റ് ചെയ്തും കുഴികളിൽ മത്സ്യക്കൃഷി നടത്തിയും നേരത്തെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.
കായംകുളത്ത് ദേശീയപാത തകർന്ന് അപകടങ്ങൾ തുടർക്കഥയായിട്ടും താത്കാലികമായെങ്കിലും കുഴി അടയ്ക്കാൻ തയ്യാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അടിയന്തര ഇടപെടൽ ഉണ്ടാവണം
ആർ. അജയകുമാർ,
യാത്രക്കാരൻ