ആലപ്പുഴ: വേലിയേറ്റ സമയത്ത് ജലനിരപ്പുയരുന്നതിനാൽ ആലപ്പുഴ നഗരത്തിലെ കിഴക്കൻ വാർഡുകളിൽ വെള്ളക്കെട്ടും ചെളിയും ഒഴിയുന്നില്ല. പകൽ വെള്ളം കുറയുമ്പോൾ ചെളിനിറഞ്ഞ് കിടക്കും. വൈകുന്നേരത്തോടെ വെള്ളം വീണ്ടും കയറും. വർഷങ്ങളായി ഈ മേഖലകളിൽ ഇതാണ് അവസ്ഥ.
മാറിത്താമസിക്കാൻ വേറെ മാർഗമോ, ക്യാമ്പുകളോ ഇല്ലാത്തതിനാൽ കൊച്ചുകുട്ടികൾ ഉൾപ്പെടെ വെള്ളം കയറിയ മുറികളിലാണ് രാപ്പകൽ ചെലവഴിക്കുന്നത്. പ്രളയത്തിന് മുമ്പ് തന്നെ കിഴക്കൻ വാർഡുകൾ മഴക്കാലത്ത് മുങ്ങുന്നത് പതിവാണ്. അതുകൊണ്ടുതന്നെ വീടു വിറ്റു തലയൂരുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. തണുപ്പ് നിലനിൽക്കുന്ന ഈ പ്രദേശങ്ങളിൽ ഇഴ ജന്തുക്കളുടെ സാന്നിദ്ധ്യവും പതിവാണ്. മാറിമാറി വന്ന ജില്ലാ ഭരണാധികാരികൾക്കും, നഗരസഭ, വില്ലേജ് അധികൃതർക്കും പരാതി നൽകി മടുത്തെങ്കിലും യാതൊരു പ്രതിവിധിയുമുണ്ടായിട്ടില്ല. പൊക്കം കൂട്ടി പുതുക്കി പണിത റോഡുകളിൽ ഇത്തവണ വെള്ളക്കെട്ട് ഉണ്ടായില്ല. പക്ഷേ, പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഭിന്നശേഷിക്കാരും അംഗപരിമിതരും വയോജനങ്ങളും നവജാത ശിശുക്കളുമുൾപ്പെടെ ജലജന്യ രോഗങ്ങൾ പകരുമോ എന്ന ആശങ്കയിലാണ് കഴിയുന്നത്.
വെള്ളം ഒഴുകിപ്പോയിരുന്ന തോടുകൾ ഉൾപ്പെടെയുള്ള ജലാശയങ്ങൾ നികത്തിയതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. തോടുകൾക്ക് സംരക്ഷണ ഭിത്തി കെട്ടിയാൽ വീടുകളിൽ വെള്ളം കയറാതെ ഒരു പരിധിവരെ സംരക്ഷിക്കാനാവുമെന്ന് പാലസ് വാർഡുകാർ പറയുന്നു. വാർഡിലെ മുക്കവലയ്ക്കൽ, ചാരുന്തറ, വടശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ നൂറുകണക്കിന് വീടുകളിലാണ് വേലിയേറ്റ സമയത്ത് വെള്ളം കയറുന്നത്. വാടക്കനാലിന് തെക്കും, അമ്പലപ്പുഴ കനാലിന് കിഴക്കും താമസിക്കുന്നവരാണ് രൂക്ഷത അനുഭവിക്കുന്നത്.
# നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായ വാർഡുകൾ
തിരുമല, നെഹ്റുട്രോഫി, പുന്നമട, പള്ളാത്തുരുത്തി, പാലസ്
# ആവശ്യം
ജലാശയങ്ങൾക്ക് സംരക്ഷണ ഭിത്തി കെട്ടണം
വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്ന നിർമ്മിതികൾ പൊളിച്ചുമാറ്റണം
മഴക്കാലമായാൽ വെള്ളം കയറുന്നത് പുതിയ അനുഭവമല്ല. പതിറ്റാണ്ടുകളായി ഈ അവസ്ഥ തുടരുന്നു. മഴയില്ലാത്തപ്പോൾ പോലും വേലിയേറ്റ സമയത്ത് വെള്ളം കയറും. പുതിയ തലമുറയെയെങ്കിലും ഈ ദുരിതത്തിൽ നിന്ന് കരകയറ്റണം
വിജയൻ, പാലസ് വാർഡ്