നിർമ്മാണം അശാസ്ത്രീയമെന്ന് ആരോപണം

ആലപ്പുഴ: വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന റോഡെന്നത് അവകാശവാദത്തിൽ ഒതുങ്ങിയതോടെ, നവീകരണം പുരോഗമിക്കുന്ന എ-സി റോഡിൽ പരാതികളും നിറയുന്നു. പണി പൂർത്തിയായ അമ്പലപ്പുഴ- പൊടിയാടി റോഡിന്റെ അവസ്ഥയും സമാനമാണെന്ന് ആക്ഷേപമുണ്ട്.

2018ലേതിനെക്കാൾ ഒരു മീറ്റർ താഴ്ചയിൽ വെള്ളപ്പൊക്ക നിരപ്പുണ്ടായപ്പോഴേക്കും ഈ രണ്ടു റോഡുകളും ഗതാഗതയോഗ്യമല്ലെന്ന് വ്യക്തമായതായി വിമർശകർ ആരോപിക്കുന്നു. പുനർനിർമ്മാണ ലക്ഷ്യം പരാജയപ്പെട്ട സാഹചര്യത്തിൽ സമഗ്ര ജുഡിഷ്യൽ അന്വേഷണത്തിലുടെ വൈകല്യങ്ങൾ കണ്ടു പിടിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന് ഗവ.കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കിടങ്ങറ-ചങ്ങനാശേരി ഭാഗത്ത് റോഡിന്റെ നിലവിലെ സൗകര്യങ്ങൾ ഇല്ലാതാക്കാതെ ഒറ്റ മേൽപ്പാലം പണിയണം. ദേശീയപാതയായി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ എൻ.എച്ച്.എയുടെ പങ്കാളിത്തത്തോടെ തുടർ നിർമ്മാണങ്ങൾ നടത്തണമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

...........................

വിമർശനങ്ങൾക്ക് നീളമേറെ

# നിർമ്മാണ ഘട്ടത്തിൽ സ്വീകരിക്കേണ്ട ഗതാഗത മാനേജ്‌മെന്റ് സംബന്ധിച്ച ഡി.പി.ആറിലെ വ്യവസ്ഥകൾ പാലിച്ചില്ല

# താത്കാലിക സമാന്തരപാലങ്ങളും പാതകളും അംഗീകൃത മാനദണ്ഡങ്ങളനുസരിച്ച് നിർമ്മിച്ചില്ല

# ലോകത്ത് മറ്റൊരിടത്തുമില്ലാത്ത സെമി എലിവേറ്റഡ് പാലങ്ങൾ വെള്ളപ്പൊക്ക കാലത്ത് നോക്കുകുത്തികളാകും

# സെമി എലിവേറ്റഡ് പാലങ്ങൾ സാധാരണ സമയങ്ങളിൽ അപകടക്കെണിയാകും

# പര്യവേക്ഷണം, രൂപകല്പന, നിർമ്മാണം, മേൽനോട്ടം എന്നിവയിൽ മുഖ്യ കമ്പനിയായ എവറാസ് കോൺ ഇടപെട്ടില്ല

# എലിവേറ്റഡ് പാലങ്ങൾക്ക് സമീപം മതിയായ വീതിയിൽ സർവീസ് റോഡുകൾ നൽകിയിട്ടില്ല

# നിർമ്മിച്ച കലുങ്കുകളിൽ പലതിനും ജലനിർഗ്ഗമന സൗകര്യമില്ല, വെള്ളപ്പൊക്കത്തിലും നീരൊഴുക്കുണ്ടായില്ല

..............................

# ജനകീയ കൺവൻഷൻ 16ന്

ആലപ്പുഴ-ചങ്ങനാശേരി, അമ്പലപ്പുഴ -പൊടിയാടി റോഡുകളിലെ വൈകല്യങ്ങളെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ 16ന് ആലപ്പുഴയിൽ ജനകീയ കൺവൻഷൻ സംഘടിപ്പിക്കും. രാഷ്ട്രീയത്തിന് അതീതമായ ചർച്ചയാണ് കൺവൻഷനിൽ ഉദ്ദേശിക്കുന്നതെന്ന് അസോസിയേൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു. 16ന് രാവിലെ 10ന് രാമവർമ്മ ക്ലബിൽ ബിൽഡേഴ്‌സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ നജീബ് മണ്ണേൽ ഉദ്ഘാടനം നിർവഹിക്കും.


ഹൈക്കോടതിയിൽ സമുദായ സംഘടനകൾ, വ്യാപാര സംഘടനകൾ, കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ എന്നിവർ നൽകിയ റിട്ട് ഹർജി തീർപ്പാക്കിയത് നിർമ്മാണ ഘട്ടത്തിൽ റോഡിലുടനീളം നാലുചക്ര വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ സാഹചര്യമൊരുക്കണമെന്ന നിർദ്ദേശത്തോടെയാണ്. അതു പോലും ലംഘിക്കപ്പെടുന്നു. താത്കാലിക സമാന്തരപാലങ്ങളും പാതകളും മാനദണ്ഡങ്ങളനുസരിച്ച് നിർമ്മിച്ചില്ല

വർഗീസ് കണ്ണമ്പള്ളി, ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ