ആലപ്പുഴ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുട്ടനാട്ടിലെ കാർഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി സമയബന്ധിതമായി നഷ്ടപരിഹാരം നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. മടവീണു നശിച്ച ചമ്പക്കുളത്തെ പാടശേഖരങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഫസൽ ബീമാ യോജന, കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി എന്നിവയ്ക്ക് പുറമേ സംസ്ഥാനത്തും വിള ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. വിവിധ കാർഷിക ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് സ്മാർട്ട് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കി കർഷകർക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ഇൻഷുറൻസ് സേവനം നൽകാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ചമ്പക്കുളം ചക്കംകരി അറുന്നൂറ് പാടശേഖരത്തിൽ മടവീഴ്ചയെ തുടർന്ന് താഴ്ന്നുപോയ മുപ്പത്തഞ്ചിൽ ചിറ ജയകുമാറിന്റെ വീടും മന്ത്രി സന്ദർശിച്ചു. കുടുംബത്തിന് സാമ്പത്തിക സഹായം ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. കൃഷി വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, കളക്ടർ വി.ആർ. കൃഷ്ണതേജ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി.ഏബ്രഹാം, പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി.ടി.നീണ്ടശ്ശേരി, കുട്ടനാട് തഹസിൽദാർ എസ്. അൻവർ, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.