ആലപ്പുഴ: നഗരസഭ കൃഷിഭവനുമായി ചേർന്ന് ചിങ്ങം ഒന്ന് കർഷക ദിനാചരണം വിപുലമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ സ്വാഗതസംഘ രൂപീകരിച്ചു. ചിങ്ങം ഒന്നിന് കൃഷി ഭവന അങ്കണത്തിൽ നടക്കുന്ന പരിപാടികൾ സംഘടിപ്പിക്കുക. സംസ്ഥാന സർക്കാരിന്റെ ഒരു ലക്ഷം കൃഷിയിടങ്ങൾ കണ്ടെത്തി കൃഷി ചെയ്യുക എന്ന തീരുമാനത്തിന്റെ ഭാഗമായി നഗരസഭയിലെ 52 വാർഡുകളിലും കൃഷി ആരംഭിക്കും. ഓരോ വാർഡിലും ആറ് വീതം കൃഷിയിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. മികച്ച കർഷകനെ കണ്ടെത്താനും ആദരിക്കാൻ 12ന് ഉച്ചയ്ക്ക് ഒന്ന് വരെ അപേക്ഷകൾ സ്വീകരിക്കും. 12ന് വികസന സമിതി യോഗത്തിൽ മികച്ച കർഷകനെ തിരഞ്ഞെടുത്ത് ആദരിക്കാനാണ് തീരുമാനം. സംഘാടക സമിതി ചെയർമാനായി നഗരസഭ അദ്ധ്യക്ഷ സൗമ്യരാജിനെയും കൺവീനറായി കൃഷി ഓഫീസർ സീതാരാമനെയും തിരഞ്ഞെടുത്തു. ചെയർപേഴ്‌സൺ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു തോമസ്, കാർഷിക വികസന സമിതി അംഗങ്ങൾ, സംയുക്ത പാടശേഖര സമിതി സെക്രട്ടറി എന്നിവരടങ്ങുന്ന സ്‌ക്രീനിംഗ് കമ്മിറ്റിയും തിരഞ്ഞെടുത്തു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ചെയർപേഴ്‌സൺ സൗമ്യരാജ്, കൗൺസിലർ റീഗോ രാജു, കൃഷി ഓഫീസർ സീതാരാമൻ,അസിസ്റ്റന്റ് കൃഷി ഓഫീസർ വിജയകുമാർ, കൗൺസിലർമാർ, പാടശേഖര സമിതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.