മാവേലിക്കര: മണ്ഡലത്തിൽ 5 പദ്ധതികൾക്ക് 10 കോടി രൂപയുടെ അനുമതി ലഭിച്ചതായി എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു. മാവേലിക്കര നഗരസഭയിൽ പ്ലാനറ്റോറിയവും സയൻസ് പാർക്കും പദ്ധതിക്ക് 5 കോടി, നൂറനാട് പടനിലം ക്ഷേത്രം ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രം എന്നീ പ്രദേശങ്ങളിൽ കെ.എസ്.ഇ.ബിയുടെ യു.ജി കേബിൾ സ്ഥാപിക്കുന്നതിന് 2 കോടി, മണ്ഡലത്തിൽ ആധുനിക പൊതുശ്മശാനത്തിന് ഒരു കോടി, തഴക്കര പഞ്ചായത്തിലെ പഴഞ്ചിറ കുളത്തിൽ നീന്തൽ പരിശീലന കേന്ദ്രത്തിന് ഒരു കോടി, തഴക്കര നൂറനാട് പഞ്ചായത്തുകളുടെ അതിർത്തിയായ വെട്ടിയാർ പാലത്തിൽ ആധുനിക ചീപ്പ് സംവിധാന നിർമാണത്തിന് ഒരു കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
എം.എൽ.എ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് പ്ലാനറ്റോറിയവും സയൻസ് പാർക്കും അനുവദിച്ചത്. നഗരസഭയിൽ ടി.കെ മാധവൻ സ്മാരക നഗരസഭാ പാർക്ക് അടക്കമുള്ള ഒരേക്കർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരള സ്‌റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം വിഭാഗത്തിനാണ് നിർമാണ ചുമതല. വെട്ടിയാർ പാലത്തിലെ ഏറെ പഴക്കമുള്ള ചീപ്പ് മാറ്റി, ആധുനിക രീതിയിലുള്ള പുതിയ ചീപ്പ് സ്ഥാപിക്കുന്ന പ്രവർത്തനം മൈനർ ഇറിഗേഷൻ, ആലപ്പുഴ മെക്കാനിക്കൽ ഡോക്ക് യാർഡ് ഡിവിഷനുമായി ചേർന്ന് നിർവഹിക്കും. തഴക്കര പഞ്ചായത്തിലെ 7, 8 വാർഡുകളിലായി സ്ഥിതി ചെയ്യുന്ന പഴഞ്ചിറ കുളത്തിലെ നീന്തൽ പരിശീലന കേന്ദ്ര നിർമാണത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതടക്കമുളള പ്രവർത്തനങ്ങൾ, സംസ്ഥാന സ്‌പോർട്സ് എൻജിനീയറിംഗ് വിഭാഗം നടത്തും. പൊതുശ്മശാനത്തിന്റെ നിർമാണ ചുമതല തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിംഗ് വിഭാഗത്തിനാണ്.