മാവേലിക്കര: ജില്ലാ ആശുപത്രിയിൽ പുതിയ മോർച്ചറിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നവംബറിൽ തുറന്നു കൊടുക്കാൻ കഴിയുമെന്ന് നിർമാണ സ്ഥലം സന്ദർശിച്ച ശേഷം എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു. 12 മൃതശരീരങ്ങൾ സൂക്ഷിക്കാവുന്ന ഫ്രീസർ സംവിധാനം, പോസ്റ്റുമോർട്ടം റൂം, ഇൻക്വസ്റ്റ് റൂം, ഡോക്ടേഴ്സ് റൂം, സ്റ്റാഫ് റൂം, സ്‌പെസിമെൻ റൂം, ഡ്രസിംഗ് റൂം, വാഷിംഗ് ഏരിയ, കാത്തിരിപ്പ് കേന്ദ്രം, സ്വീകരണ മുറി, 4 ടോയ്ലറ്റുകൾ, രണ്ടു റാംപുകൾ അടക്കം ആധുനിക സൗകര്യങ്ങളോടെയുള്ള മോർച്ചറിയാണ് തയ്യാറാകുന്നത്. 3100 ചതുരശ്ര അടിയിലാണ് കെട്ടിടത്തിന്റെ നിർമാണം. ജില്ലാ ആശുപത്രി വളപ്പിൽ, സംസ്ഥാന സർക്കാർ 132 കോടി ചെലവിൽ നിർമിച്ചു കൊണ്ടിരിക്കുന്ന പുതിയ സ്‌പെഷ്യാലിറ്റി ആശുപത്രി ബഹുനില മന്ദിരത്തിന്റെ വടക്കേ അറ്റത്തായാണ് മോർച്ചറി നിർമിക്കുന്നത്.