
പദ്ധതി നടപ്പാക്കാൻ ജില്ലാ പഞ്ചായത്ത്
ആലപ്പുഴ: തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് ഷെൽട്ടർ ഹോമിലേക്ക് മാറ്റാനുള്ള പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിനായി ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികളെയും എം.എൽ.എമാരെയും പങ്കെടുപ്പിച്ച് ആലോചനായോഗം ഉടൻ ചേരും. ആലപ്പുഴ നഗരസഭയടക്കം വിവിധ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം ചെലവിൽ ഷെൽട്ടർ ഹേം നിർമ്മിക്കാൻ തയ്യാറാണെങ്കിലും സ്ഥലം ലഭ്യമാകാത്തത് പ്രധാന പ്രതിസന്ധിയാണ്. നായ്ക്കളെ കൂട്ടത്തോടെ ഒരു സ്ഥലത്ത് പാർപ്പിക്കുന്നതിനെതിരെ ജനവാസ കേന്ദ്രങ്ങളിൽ പ്രതിഷേധം ഉയരുന്നതാണ് പ്രധാന തെരുവകാരണം.
ട്യൂഷൻ ക്ലാസിലേക്ക് രാവിലെ സൈക്കിളിൽ പോയ വിദ്യാർത്ഥിയെ നായ്ക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചതുൾപ്പെടെ ജില്ലയിൽ തെരുവുനായ്ക്കളുടെ വിളയാട്ടം തുടർക്കഥയായതോടെയാണ് ജില്ലാ പഞ്ചായത്തിന്റെ ഇടപെടൽ. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന ആനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി നിറുത്തിവയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവും പകരം സംവിധാനങ്ങൾ ഇല്ലാത്തതുമാണ് സ്ഥിതി വഷളാകാൻ കാരണം.
# പുലർകാല ഭീതി
പുലർച്ചെ കൂട്ടമായി തെരുവിൽ തങ്ങുന്ന നായ്ക്കളുടെ ആക്രമണത്തിന് സ്ഥിരം ഇരയാകുന്നത് പത്ര വിതരണക്കാരും ട്യൂഷൻ ക്ലാസുകളിൽ പോകുന്ന വിദ്യാർത്ഥികളുമാണ്. കൂട്ടമായി പാഞ്ഞടുക്കുന്നതിനാൽ ഇവയിൽ നിന്ന് കടിയേൽക്കാതെ രക്ഷപ്പെടണമെങ്കിൽ ഭാഗ്യം വേണം. രാത്രിയുടെ മറവിൽ റോഡരികിൽ തള്ളുന്ന അറവുമാലിന്യങ്ങളടക്കം ലക്ഷ്യമിട്ടാണിവ തങ്ങുന്നത്. ഓടുന്ന വാഹനങ്ങളെ പിന്തുടരുന്നതും ഇരുചക്ര വാഹന യാത്രികരുടെ കാലിൽ കടിക്കുന്നതും പതിവായിട്ടുണ്ട്.
# ആലോചനയിൽ ഒതുങ്ങുമോ?
നായ്ക്കൾക്കുള്ള ഷെൽട്ടർ ഹോം പദ്ധതി കേവലം ആലോചനായോഗത്തിൽ ഒതുങ്ങാതെ യാഥാർത്ഥ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. വന്ധ്യംകരണം നടത്താൻ യോഗ്യരായ ഏജൻസികളെയോ ആളുകളെയോ കണ്ടെത്തണം. അടിയന്തര പ്രാധാന്യത്തോടെ വിഷയം ഗൗരവമായി എടുക്കണമെന്നും കളക്ടർ ഉൾപ്പെടെ ഇടപെടണമെന്നും ആവശ്യമുയരുന്നു.
..................................
# ജില്ലയിൽ നായ്ക്കളുടെ ഷെൽട്ടർ ഹോം അടിയന്തര ആവശ്യം
# എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മോണിറ്ററിംഗ് കമ്മിറ്റി വേണം
# നായയുടെ കടിയേൽക്കുന്നവർക്ക് തദ്ദേശ സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണം
# നഷ്ടപരിഹാരം സംബന്ധിച്ച പരാതികൾക്ക് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ സമീപിക്കാം
.....................................
ഷെൽട്ടർ ഹോം ആരംഭിക്കുന്നത് സംബന്ധിച്ച ആലോചനായോഗമാണ് കൂടാൻ പോകുന്നത്. സ്ഥലം കണ്ടെത്തുന്നതടക്കമുള്ള വെല്ലുവിളികൾ മുന്നിലുണ്ട്
അഡ്വ ആർ.റിയാസ്, ജില്ലാ പഞ്ചായത്തംഗം