 
ആലപ്പുഴ: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വീടുകളിലും സ്ഥാപനങ്ങളിലും ഉയർത്താനുളള ത്രിവർണ പതാകകൾ കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തയ്യാറാകുന്നു. രണ്ട് ലക്ഷം ദേശീയ പതാകകളാണ് ജില്ലയിൽ നിർമ്മിക്കുന്നത്.
ഈ മാസം 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തണമെന്നാണ് സർക്കാർ നിർദേശം. കുടുംബശ്രീയുടെ കീഴിലുള്ള നാൽപ്പതോളം തയ്യൽ യൂണിറ്റുകളിലാണ് പതാകകൾ തയ്യാറാക്കുന്നത്. തയ്ച്ചെടുക്കുന്ന പതാകകൾ വെള്ളിയാഴ്ചയ്ക്ക് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറും. ജനപ്രതിനിധികൾ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സഹകരണത്തോടെ വീടുകളിലും സ്ഥാപനങ്ങളിലും നിശ്ചിത നിരക്കിൽ പതാകകൾ എത്തിക്കും. വിദ്യാർത്ഥികൾക്ക് സ്കൂളുകളും കോളേജുകളും വഴിയാണ് വിതരണം. കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് നേരിട്ടും പതാക വാങ്ങാം. രാത്രികാലങ്ങളിൽ പതാക താഴ്ത്തേണ്ടതില്ലെന്ന് ഫ്ലാഗ് കോഡിൽ മാറ്റം വരുത്തിയിട്ടുണ്ട്.
..............................
13ന് ഉയർത്തണം, 15ന് താഴ്ത്തണം
പതാകയ്ക്ക് 30 ഇഞ്ച് നീളം, 20 ഇഞ്ച് വീതി
..........................
12ന് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പതാകകൾ കൈമാറും. മുന്‍കൂട്ടി പ്രിന്‍റ് ചെയ്ത് വന്ന തുണി മുറിച്ച് 30 ഇഞ്ച് നീളവും 20 ഇഞ്ച് വീതിയുമുള്ള പതാകയാക്കുകയാണ് ചെയ്യുന്നത്
ജെ.പ്രശാന്ത് ബാബു, ജില്ലാ കോഓർഡിനേറ്റർ, കുടുംബശ്രീ