ambala
ദേശിയ പാതയിൽ പുന്നപ്ര മിൽമയ്ക്കു മുന്നിലെ അപകട കുഴി

അമ്പലപ്പുഴ: ദേശിയ പാതയിൽ പുന്നപ്ര മിൽമയ്ക്കു മുന്നിലെ കുഴി യാത്രക്കാരുടെ നടുവൊടിക്കുന്നു . മാസങ്ങൾക്ക് മുമ്പ് മെറ്റൽ ഇളകി ചെറിയ രൂപത്തിൽ രൂപപ്പെട്ട കുഴി ഇപ്പോൾ വൻ ഗർത്തമായിട്ടും ദേശിയ പാത അതോറിട്ടിക്ക് അനക്കമില്ല. ഇരുചക്ര വാഹനങ്ങൾ അടക്കം വലുതും ചെറുതുമായ നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഈ കുഴിയിൽ വീഴുന്നത്. അകലെ നിന്ന് വരുന്ന വാഹന യാത്രക്കാരുടെ ശ്രദ്ധയിൽ കുഴികൾ കാണില്ല. ഇത്കാരണം പെട്ടെന്ന് ബ്രേക്കു പിടിക്കുമ്പോഴുള്ള അപകടങ്ങൾ പതിവാകുകയാണ്. കൂടാതെ വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിക്കുകയും കുഴിയിൽ വീഴുന്ന ആഘാതത്തിൽ യാത്രക്കാരന്റെ നടുവൊടികയും ചെയ്യുന്നുണ്ട്. പുന്നപ്ര കളത്തട്ടിന് സമീപം രണ്ട് സ്കൂളുകൾ പ്രവർത്തിക്കുന്നതിന് മീറ്ററുകൾക്കു സമീപമാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനും തിരികെ പോകുന്നതിനും സഞ്ചരിക്കുന്ന വാഹനങ്ങൾ നിരന്തരം കുഴിയിൽ വീണ് അപകടം ഉണ്ടകാറുണ്ട്. കുഴികൾ രൂപപ്പെട്ട ഭാഗങ്ങളിൽ ടാറിംഗ് അടർന്ന് മെറ്റൽ ഇളകി കിടക്കുന്നതും ദുരന്തം ഇരട്ടിയാക്കുന്നു . കുഴി രൂപപ്പെട്ട നാൾ മുതൽ നിരവധി പരാതികൾ ഉയർന്നെങ്കിലും ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന നിലപാടിലാണ് അധികൃതർ.