 
ആലപ്പുഴ: തകഴിയിൽ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റിയിടുന്ന ജോലികൾ ഇന്നലെ പുനരാരംഭിച്ചു. ആഗസ്റ്റ് 30ന് പൂർത്തിയാക്കുകയാണ് ലക്ഷ്യം.
പ്രതികൂല കാലാവസ്ഥയും റോഡ് പൊളിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതുമാണ് രണ്ടുമാസത്തോളം പ്രവൃത്തികൾ മുടക്കിയത്. കഴിഞ്ഞ മാസം 12ന് തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ് പൈപ്പ് മാറ്റിയിടൽ പൂർത്തീകരിക്കാൻ തീരുമാനിച്ചത്. രണ്ടര മീറ്റർ താഴ്ചയിൽ 700 മീറ്റർ ഭാഗത്തുകൂടി ഇനി പുതിയ പൈപ്പ് ഇടേണ്ടതുണ്ട്.
തകഴി ഫെഡറൽ ബാങ്കിന് സമീപമാണ് കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയത്. ഇതുൾപ്പെടെ മൂന്ന് വർഷത്തിനിടെ 72 തവണയാണ് പൈപ്പ് പൊട്ടിയത്. ഒരു മാസം മുമ്പ് തകഴിയിൽ പൈപ്പ് പൊട്ടി ദിവസങ്ങളോളം ആലപ്പുഴ നഗരത്തിലും സമീപപഞ്ചായത്തുകളിലും കുടിവെള്ള വിതരണം മുടങ്ങിയിരുന്നു.