 
ചാരുംമൂട് : നൂറനാടൻമാർ സൗഹൃദ കൂട്ടായ്മയുടെ ഹൃദയസ്പർശം - 2022 പരിപാടിയുടെ ഭാഗമായി ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയടക്കമുള്ള പ്രതിഭകൾക്ക് ആദരവ് നൽകി. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. നഞ്ചിയമ്മ, വിവിധ മേഖലകളിൽ ശ്രദ്ധേയരായ സിറാജ് ഷാ, ഷെയ്ഖ് ഹസൻഖാൻ , അതുൽ നറുകര തുടങ്ങിയവരെ അദ്ദേഹം ആദരിച്ചു. എം.എസ്.അരുൺകുമാർ എം.എൽ.എ അവയവദാന സമ്മതപത്ര സമർപ്പണം നിർവഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് സനൽ നൂറനാട് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സ്വപ്ന സുരേഷ്, ബി.വിനോദ്, സുശീല കുഞ്ഞമ്മ കുറുപ്പ് എന്നിവർ വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു. പടനിലം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സി.ആർ.വേണുഗോപാൽ, കൂട്ടായ്മ സെക്രട്ടറി അനുഗഗൻ, ഗോകുൽ, സതീഷ് കുമാർ , സുജിത്ത് പള്ളിക്കൽ, കെ.രമേശ്, പ്രവീൺ എന്നിവർ സംസാരിച്ചു. തുടർന്ന് നാട്ടു സംഗീതം പരിപാടിയും നടന്നു.