പൂച്ചാക്കൽ: പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം മഹാദേവ ക്ഷേത്രത്തിലെ വെടിപ്പുരക്ക് തീ പിടിച്ച് പൊള്ളലേറ്റ്, കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടു പേർ ഇന്നലെ മരിച്ചു. പാണാവള്ളി പഞ്ചായത്ത് 17-ാം വാർഡ് വാലുമ്മേൽ വീട്ടിൽ രാജപ്പനാചാരി - സരോജിനി ദമ്പതികളുടെ മകൻ രാജേഷ് (41), ഏഴാം വാർഡ് മറ്റത്തിൽ വീട്ടിൽ പരേതനായ പത്മനാഭന്റെ മകൻ എം.പി. തിലകൻ (60) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. ക്ഷേത്രത്തിൽ ഈ മാസം നടക്കുന്ന സപ്താഹ യജ്ഞത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വെടിപ്പുരയോട് ചേർന്ന് കൗണ്ടർ നിർമ്മിക്കുന്നതിനിടെ വെൽഡിംഗ് റാഡിൽ നിന്ന് തീപ്പൊരി കരിമരുന്നിലേക്കും നിറച്ചു വച്ച കതിനകളിലേക്കും തെറിച്ച് വീണതാണ് അപകടത്തിന് ദുരന്തത്തിന് കാരണമായത്. പെയിന്റിംഗിനും വെൽഡിംഗ് ജോലിക്കുമായി എത്തിയ അഞ്ചു പേർക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ രാജേഷിനേയും തിലകനേയും പ്രാഥമിക ചികിത്സക്ക് ശേഷം നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു കളമശേരി മെഡി. ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രാജേഷ് ഇന്നലെ രാവിലെ പതിനൊന്നിനും തിലകൻ വൈകിട്ട് നാലിനുമാണ് മരിച്ചത്. രാജേഷിന്റെ സംസ്കാരം ഇന്നലെ വൈകിട്ട് നടന്നു. തിലകന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. അശ്വതിയാണ് രാജേഷിന്റെ ഭാര്യ. മക്കൾ: ശ്രീബാല, ശ്രീലക്ഷ്മി. അനിതയാണ് തിലകന്റെ ഭാര്യ. മക്കൾ: അനന്തു തിലകൻ, അശ്വന്ത് തിലകൻ.
അപകടത്തേക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇന്നലെ ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. കളക്ടറുടെ നിർദ്ദേശാനുസരണം ക്ഷേത്രത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഭക്തർക്ക് പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്.